കാസർകോട്: അരയി പുഴയിൽ വലയിട്ട് മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. കർണാടക സ്വദേശിയും കുറുന്തൂരിലെ ജമീല ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഡോൺ ഡി രാമൻ്റെ മകൻ മുരുകൻ എന്ന മാരുതി( 50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മോനാച്ചയിലാണ് സംഭവം. സഹോദരനൊപ്പം വലയിട്ട് മീൻ പിടിക്കുന്നതിനിടയിൽ തല കറങ്ങി വീഴുകയായിരുന്നു.പുഴയിൽ മുങ്ങിയ മാരുതിയെ ഉടൻ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ബുധനാഴ്ച്ച പോസ്റ്റുമോർട്ടം നടത്തി കുറുന്തൂരിലെ ശ്മശാനത്തിൽ സംസ്കരിക്കും. കർണാടക സ്വദേശിയായ മാരുതി കുടുംബ സമേതം 20 വർഷത്തിലേറെയായി കുറുന്തൂരിലാണ് താമസിക്കുന്നത്. വാർഡ് കൗൺസിലർ ബാലകൃഷ്ണൻ ആശുപത്രിയിൽ എത്തി കുടുംബത്തിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.
