കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഗുരുതര വീഴ്ചയുണ്ടായെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അപകടം മന:പൂര്‍വ്വമല്ല പക്ഷെ ജാഗ്രത കാട്ടേണ്ടതായിരുന്നു.
വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു. അമ്പല കമ്മിറ്റിക്കാരെ കസ്റ്റഡിയില്‍ എടുത്ത് ഇപ്പോള്‍ ഷോ കാണിക്കുന്ന പൊലീസ് അവരുടെ പണി മുന്‍പേ ചെയ്തിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് എംപി പറഞ്ഞു. തെയ്യം നടക്കുന്നിടത്ത് മുന്‍കരുതലെടുക്കണം. ഇത്തരം ഒരു അപകടം ആര്‍ത്തിക്കാന്‍ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കല്പറ്റയില്‍ ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വെടിക്കെട്ട് അപകട വാര്‍ത്ത അറിഞ്ഞ ഉടന്‍ നീലേശ്വരത്തേക്ക് തിരിച്ചിട്ടുണ്ട്. കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരില്‍ 97 പേരാണ് ചികിത്സയിലുള്ളത്. എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.