കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേര്‍ വിവിധ ആശുപത്രികളിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. 15 പേര്‍ അതീവ ഗുരുതര നിലയിലും ചികിത്സയിലാണ്. ബിജു, വിഷ്ണു, ഷിബിന്‍രാജ് എന്നിവര്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. പൊള്ളലേറ്റ 157 പേരില്‍ നൂറോളം പേരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ് ആശുപത്രി, കണ്ണൂര്‍ മിംസ് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ഐഷാല്‍ ആശുപത്രി, ദീപ ആശുപത്രി, മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രി, മംഗ്‌ളൂരു എ.ജെ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.