കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രേരണാകുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത അധികൃത നടപടിക്കെതിരെ കണ്ണൂരില്‍ വ്യാപക പ്രതിഷേധം.
ബി ജെ പി പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചും ജില്ലാ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ ഉപരോധവും ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കു ബി ജെ പി പ്രവര്‍ത്തകര്‍ ഇതേ ആവശ്യമുന്നയിച്ചു ഇരച്ചു കയറിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. പൊലീസും സമരക്കാരും തമ്മില്‍ ബലപ്രയോഗവുമുണ്ടായി.
അതേസമയം പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം ആദ്യമായി ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രമേയത്തിന് ഒരാഴ്ച മുമ്പു നോട്ടീസ് നല്‍കണമെന്നു ഭരണ പക്ഷം വാശിപിടിച്ചതോടെ യോഗ ഹാള്‍ ഒച്ചപ്പാടിലും ബഹളത്തിലും കലാശിച്ചു. യോഗം തുടര്‍ന്നു പോകാന്‍ കഴിയാത്ത സ്ഥിതി വിശേഷത്തെത്തുടര്‍ന്നു ജില്ലാ പഞ്ചായത്ത് യോഗം പിരിച്ചുവിടുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് ഓഫീസിനടുത്തു പ്രതിഷേധിച്ച ബി ജെ പി പ്രവര്‍ത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബി ജെ പി നേതാക്കളുള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. പൊലീസ് വാഹനത്തിന്റെ താക്കോല്‍ സമരക്കാര്‍ എടുത്തുമാറ്റിയതും സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം ടൗണ്‍ സ്റ്റേഷനിലേക്കു നീങ്ങിയത്. സ്റ്റേഷനുള്ളില്‍ പ്രതിഷേധക്കാര്‍ പ്രവേശിക്കുന്നതു തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബലപ്രയോഗവുമുണ്ടായിരുന്നു.
ഒന്നേകാലോടെ സമരക്കാര്‍ സ്വയം പിന്തിരിഞ്ഞതിനെത്തുടര്‍ന്നാണ് സമാധാനാന്തരീക്ഷത്തിലേക്കു ജില്ലാ ഭരണസിരാകേന്ദ്രം തിരിച്ചെത്തിയത്.
എ ഡി എമ്മിന്റെ മരണത്തിനു ശേഷം 14 ദിവസം പിന്നിട്ടെങ്കിലും കേസില്‍ പ്രതിയായ ദിവ്യയെ അറസ്റ്റ് ചെയ്യാത്തതാണ് പ്രതിഷേധം ആളിക്കത്തിച്ചത്. ഇതേ പ്രശ്നത്തില്‍ ദിവ്യക്കു ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവയക്ക്ണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ അറസ്റ്റില്‍ നിന്നു ദിവ്യയെ ഒഴിവാക്കാനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെന്ന പൊതു വികാരമാണ് പ്രതിഷേധം രൂക്ഷമാക്കുന്നത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി ജില്ലാ കോടതി നാളെയാണ് വിധി പറയുന്നത്. ജാമ്യം ലഭിച്ചാല്‍ അറസ്റ്റില്‍ നിന്നു രക്ഷപ്പെടാന്‍ ദിവ്യക്കു കഴിഞ്ഞേക്കും.