പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്.
ഇതരജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ്, വിവാഹത്തിന്റെ 88ാം ദിവസം ഇലമന്ദം കൊല്ലത്തറയില്‍ അനീഷി(27)നെ കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹരിതയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നും കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങള്‍ക്കു ധനസഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം. പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായി. എന്നാല്‍ ഇത് നടന്നില്ല. സ്റ്റേഷനില്‍ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ അനീഷിനെ 90 ദിവസത്തിനുളളില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് 88 -ാം ദിവസമാണ് പിതാവും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്. ഹരിത, അനീഷിന്റെ സഹോദരന്‍ അരുണ്‍ എന്നിവര്‍ ഉള്‍പ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ്ചുമത്തിയത്. കേസില്‍ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പി.അനില്‍ പറഞ്ഞു.
