തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് കേബിള്‍ ജോലിക്കെത്തിയ രണ്ട് ആളുകള്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ദിവസങ്ങളായി മംഗലപുരം പരിധിയില്‍ കേബിള്‍ ജോലി ചെയ്യുകയായിരുന്നു കൊല്ലം സ്വദേശികളായ രണ്ട് പേര്‍. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടിലും ഇവര്‍ കേബിള്‍ ജോലിക്കെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കി ഇവര്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറുകയായിരുന്നു. അകത്തുകയറിയ ആളുകളെ കണ്ട് നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കയറ്റി. പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ അക്രമികളെ തള്ളിമാറ്റി പെണ്‍കുട്ടി പുറത്തേക്ക് ഓടിപ്പോയി. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. നാട്ടുകാരുടെ സൂചനയെ തുടര്‍ന്ന് പൊലീസ് പിന്നീട് കൊല്ലം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മംഗലപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
