കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കാരാട്ട് നൗഷാദ് കാഞ്ഞങ്ങാട്ട് അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെസ്‌റ്റേഷനു സമീപത്തു വച്ചാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്.
കേരള, കര്‍ണ്ണാടക, സംസ്ഥാനങ്ങളിലായി നൂറിലേറെ കേസുകളില്‍ പ്രതിയായ കാരാട്ട് നൗഷാദിനെതിരെ വിവിധ സ്റ്റേഷനുകളില്‍ വാറന്റുമുണ്ട്. കുറച്ചു കാലമായി മംഗ്‌ളൂരുവിലായിരുന്ന നൗഷാദിന്റെ താമസമെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടയില്‍ നൗഷാദ് കാഞ്ഞങ്ങാട്ടേക്ക് കവര്‍ച്ച ലക്ഷ്യമിട്ട് എത്താന്‍ സാധ്യതയുള്ളതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. രണ്ടു ദിവസമായി ജാഗ്രതയിലായിരുന്നു പൊലീസ്. വെള്ളിയാഴ്ച രാത്രി മംഗ്‌ളൂരുവില്‍ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ നൗഷാദ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. ഇതനുസരിച്ച് പൊലീസ് സംഘം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിലയുറപ്പിച്ചു. ട്രെയിനില്‍ നിന്നു ഇറങ്ങിയ നൗഷാദ് പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസും പിന്തുടര്‍ന്നു. അഞ്ഞൂറു മീറ്ററോളം ദൂരം ഓടിയപ്പോള്‍ നൗഷാദിനെ മല്‍പ്പിടിത്തത്തിലൂടെ പിടികൂടി. ഈ സമയത്ത് നൗഷാദ് വായില്‍ നാക്കിനടിയില്‍ കരുതിയിരുന്ന ബ്ലേഡ് എടുത്തു സ്വയം ചുണ്ട് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. നൗഷാദ് സമാനരീതിയില്‍ പലതവണ ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.