കൊലപ്പെടുത്തി എന്ന് കരുതിയ ഭാര്യയെ പുതിയ ഭര്‍ത്താവിനോടൊപ്പം കണ്ടു ഞെട്ടി യുവാവ്. ബീഹാറിലെ ആരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഭര്‍ത്താവില്‍ നിന്ന് ഗാര്‍ഹിക പീഡനം നേരിട്ട് ധരംഷീലാ ദേവിയെന്ന യുവതി, മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വന്തം വീട്ടിലെത്തി കുറച്ച് കാലത്തിനു ശേഷം തന്നെ അവരുടെ മാതാവ് മരണപെട്ടു. പിന്നീട് പിതാവിന്റെ യുവതിയോടുള്ള സമീപനം മോശമായി. ഇതിനെ തുടര്‍ന്ന് യുവതി വിഷാദാവസ്ഥയിലായി. റെയില്‍വേ പാളത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ച പ്രകാരം പാളത്തിനടുത്ത് വച്ച് കണ്ട എന്ന വ്യക്തി ഇവരെ രക്ഷിക്കുകയും പിന്നീട് ആശ്രയമാവുകയും ചെയ്തു. ഇരുവരും പിന്നീട് അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. അതേസമയം, മകള്‍ മരിച്ചെന്ന് വിശ്വസിച്ച പിതാവ് ആദ്യ ഭര്‍ത്താവ് ദീപക്കിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കൊലപാതകകുറ്റം ആരോപിച്ച് പരാതി നല്‍കി. 2020 ഒക്ടോബര്‍ 31ന് സോന്‍ നദിക്ക് സമീപം അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തി. പിന്നാലെ കൊലക്കുറ്റത്തിന് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലാക്കുകയുമായിരുന്നു.
നാല് വര്‍ഷത്തിനുശേഷം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ മിര്‍ഗഞ്ച് മൊഹല്ലയില്‍ ധരംഷീലയെ പൊലീസ് ജീവനോടെ കണ്ടെത്തിയത് വഴിത്തിരിവായി. പിതാവ് തെറ്റായ പരാതിയാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിന് മൊഴി നല്‍കി. മറ്റൊരു സ്ത്രീയുടെ ശരീരം തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ ആദ്യ ഭര്‍ത്താവിനെ കുടുക്കുകയായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. നാല് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് ജയില്‍ മോചിതനാവുകയും ചെയ്തു. അതേസമയം രണ്ടാം വിവാഹം കഴിച്ച യുവതിക്ക് ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
