കാസര്‍കോട്: വീട്ടിന്റെ സിറ്റൗട്ടില്‍ വച്ച് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, മിയാപ്പദവ്, പള്ളത്തടുക്കയിലെ പരേതനായ ദാതുമൂല്യയുടെ മകന്‍ അശോക് (43)ആണ് വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. സെപ്തംബര്‍ 18ന് രാത്രി 8ന് ആണ് അശോകിനു പാമ്പ് കടിയേറ്റത്. ബഹളം വച്ചതോടെ വീട്ടുകാരെത്തി പാമ്പിനെ തല്ലിക്കൊല്ലുകയും അശോകിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: ലളിത. ഭാര്യ: പ്രമീള. മക്കള്‍: പ്രജ്വല്‍, ധന്യ. സഹോദരങ്ങള്‍: പ്രകാശ്, രവി, പ്രേമ, മമത, രേഖ.
അതേ സമയം അശോകിനെ കടിച്ചത് മുഴമൂക്കന്‍ കുഴിമണ്ഡലിയാണെന്നു സ്ഥിരീകരിച്ചു.
ഈ പാമ്പിന്റെ കടിയേറ്റാല്‍ ഉടന്‍ മരണം സംഭവിക്കില്ലെന്നും ഇതിനു മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും ജില്ലാ ‘സര്‍പ്പ’ കോ-ഓര്‍ഡിനേറ്റര്‍ കെ.ടി.എസ് പനയാല്‍ പറഞ്ഞു. പതിവില്‍ നിന്നു വ്യത്യസ്തമായി മുഴമൂക്കന്‍ മണ്ഡലിയുടെ എണ്ണം ജില്ലയില്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഈ പാമ്പിന്റെ കടിയേറ്റാല്‍ ആന്റിവെനം നല്‍കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് അതിനുള്ള മരുന്നാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പല ആശുപത്രി അധികൃതരും ഇതിനു തയ്യാറാവുന്നില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
