കാസര്‍കോട്: ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ നാടോടി യുവതിയെ കയറിപ്പിടിക്കുകയും നരഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. പാണത്തൂര്‍ സ്വദേശിയായ റമീസി(34)നെയാണ് രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പകല്‍ പാണത്തൂരിലാണ് സംഭവം. ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ സ്ഥലത്ത് എത്തിയ റമീസ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. ഈ സമയത്ത് യുവതി തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിയുടെ തലക്കടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ തലയില്‍ അഞ്ചു തുന്നിക്കെട്ടലുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
