കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനുമായി ചേര്‍ന്ന് പൊതുപരിപാടിക്കില്ലെന്ന കര്‍ശന നിലപാടില്‍ റവന്യൂമന്ത്രി കെ. രാജന്‍. ഇതേത്തുടര്‍ന്ന് 24ന് റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ജില്ലയിലെ പരിപാടികള്‍ റദ്ദാക്കി. 24ന് തീരുമാനിച്ച രണ്ട് പട്ടയമേള ഉള്‍പ്പെടെയുള്ള പരിപാടികളാണ് റദ്ദാക്കിയത്. അന്ന് രാവിലെ പത്തിന് മണിക്ക് കൂത്തുപറമ്പിലും 11.30ന് ഇരിട്ടിയിലും പട്ടയമേളയും 3.10ന് ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് മന്ത്രിക്കുണ്ടായിരുന്നത്. ഈ പരിപാടികള്‍ റദ്ദാക്കിയപ്പോള്‍ അതേദിവസം തന്നെ ഉച്ചക്ക് രണ്ട് മണിക്ക് മുണ്ടേരി ഹൈസ്‌കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപന ഉദ്ഘാടന പരിപാടിയില്‍ മന്ത്രി പങ്കെടുക്കും. റവന്യൂവകുപ്പുമായി ബന്ധപ്പെട്ടതല്ല പരിപാടിയെന്നതിനാലാണ് അതില്‍ പങ്കെടുക്കുന്നത്. 25ന് കാസര്‍ക്കോട് ജില്ലയിലെ എല്ലാ പരിപാടികളും മന്ത്രി പങ്കെടുക്കുന്നുണ്ട്.
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാവുകൂടിയായ മന്ത്രി കെ. രാജന്‍ കര്‍ശന നടപടിയാണ് സ്വീകരിച്ചത്. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ കലക്ടറുടെ സജീവസാന്നിധ്യമുണ്ടാകും. ഈസാഹചര്യത്തില്‍ കലക്ടര്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നത് ഗുണകരമായിരിക്കില്ലെന്ന നിലപാടാണത്രെ മന്ത്രിക്കുള്ളത്. അതേസമയം നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ അരുണ്‍ കെ. വിജയനെ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന ആവശ്യം മന്ത്രി രാജന്‍ ഉന്നയിക്കുമെന്നാണ് സൂചന.
