കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മുന്‍ ഡി.വൈ.എഫ്.ഐ നേതാവും ബാഡൂര്‍ എ.എല്‍.പി സ്കൂളിലെ അധ്യാപികയുമായ സച്ചിതാറൈക്കെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പെരുമ്പളയിലെ ധനിഷ്മ (27)നല്കിയ പരാതിയിലാണ് കേസ്. സിപിസിആര്‍ഐയിലും കേന്ദ്ര സര്‍വ്വകലാശാലയിലും ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തില്‍പ്പരം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്. ഇതോടെ സച്ചിതാറൈയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി. ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ നാലും കുമ്പള, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ ഒന്നു വീതവും കര്‍ണ്ണാടക, ഉപ്പിനങ്ങാടിയില്‍ ഒരു കേസുമാണ് എടുത്തത്. ബദിയഡുക്കയില്‍ അമൃതയെന്ന യുവതിയും പരാതി നല്‍കിയിട്ടുണ്ട്.
കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സച്ചിതാറൈ നേരത്തെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.
അതേ സമയം സച്ചിതയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ പൊലീസ് തയ്യാറാകാത്തത് പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
