കണ്ണൂര്‍: തളിപ്പറമ്പ് ടൗണിനു സമീപത്ത് ഇറങ്ങിയത് പുലിയാണെന്നു സ്ഥിരീകരിച്ചു. കണ്ണൂര്‍, ആര്‍.ആര്‍.ടീം, വയനാട് ക്യാമറ ട്രാപ്പ് ടീം എന്നിവര്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് കണിക്കുന്നില്‍ കാണപ്പെട്ടത് പുലിയാണെന്നു സ്ഥിരീകരിച്ചത്.
ഒരാഴ്ച മുമ്പാണ് സ്ഥലത്ത് പുലിയെ കണ്ടതായുള്ള വിവരം ആദ്യം പുറത്തുവന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ഒരാളാണ് പുലിയെ കണ്ടത്. വിവരം പുറത്തു വന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുപ്പം-കീഴാറ്റൂര്‍ നിര്‍ദ്ദിഷ്ട ബൈപ്പാസില്‍ കണിക്കുന്ന് ക്ഷേത്രത്തിനു സമീപത്തു നടത്തിയ പരിശോധനയില്‍ പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുലിയുടെ കാല്‍പ്പാടാണെന്നു അന്തിമമായി സ്ഥിരീകരിച്ചത്. ഇതോടെയാണ് പുലിയെ കൂടുവച്ച് പിടികൂടാനുള്ള തീരുമാനം ഉണ്ടായത്. കര്‍ണ്ണാടകയില്‍ നിന്നും എത്തിയ ഏതെങ്കിലും ലോറിയില്‍ കയറിയായിരിക്കും പുലിയെത്തിയതെന്നാണ് സംശയിക്കുന്നത്. കുപ്പം പുഴയിലൂടെ നീന്തിയെത്താനുള്ള സാധ്യതയും അധികൃതര്‍ തള്ളുന്നില്ല. സ്ഥലത്ത് കൂട് വയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
