കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്.
പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ എഡിഎമ്മിന് കൈക്കൂലി നല്‍കി എന്നാരോപിച്ച ടിവി പ്രശാന്തന്റെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലി പോകും. പ്രശാന്തന്‍ ഇനി സര്‍ക്കാരിന്റെ ശമ്പളം വാങ്ങില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രശാന്തനെതിരെ വകുപ്പ്തല അന്വേഷണം നടത്തും. നിയമോപദേശം ലഭിച്ച ശേഷം പ്രശാന്തനെ ജോലിയില്‍ നിന്നും നീക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡിഎംഇക്ക് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് പരിയാരത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കും. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
