കാസര്‍കോട്: പുത്തിഗെ, മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെ കേസിലെ നിര്‍ണ്ണായക തെളിവായ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബലേനോ കാറാണ് തിങ്കളാഴ്ച ഉച്ചയോടെ പൈവളിഗെയ്ക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈ.എസ്.പിയെ കൂടാതെ എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് എന്നിവര്‍ സ്ഥലത്തെത്തി. കാര്‍ കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ഫോറന്‍സിക് വിദഗ്ധരായ മെഹര്‍ബ, പി. നാരായണന്‍ എന്നിവരും സ്ഥലത്തെത്തി കാര്‍ പരിശോധിച്ചു. അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്താനുള്ള ശ്രമം ഏതാനും ദിവസമായി ഡിവൈ.എസ്.പിയും സംഘവും ഊര്‍ജ്ജിതമാക്കിയിരുന്നു. കാര്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള സ്ഥലം ക്രൈംബ്രാഞ്ച് സംഘം തിരിച്ചറിഞ്ഞുവെന്നു ബോധ്യമായതോടെയാണ് കാര്‍ ഉപേക്ഷിച്ചതെന്നു സംശയിക്കുന്നു.
2022 ജൂണ്‍ 26ന് ആണ് അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ദിര്‍ഹം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഗള്‍ഫില്‍ നിന്നു വിളിച്ചുവരുത്തിയ ശേഷം അബൂബക്കര്‍ സിദ്ദിഖിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി പൈവളിഗെയിലെ ആളൊഴിഞ്ഞ പ്രദേശത്തെ ഇരുനില വീട്ടില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചപ്പോഴാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏതാനും പേരെ അറസ്റ്റു ചെയ്തിരുന്നു. അന്വേഷണത്തില്‍ തൃപ്തരല്ലെന്നു കാണിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.