മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം നഷ്ടമായതായി പരാതി. തൃശൂരിലെ സ്വർണ വ്യാപാരി തൃശൂർ സ്വദേശി ജിബിന്റെ ബാഗിൽ നിന്നാണ് ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ട് വന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്കുള്ള യാത്രക്കിടെയാണ് സ്വർണം നഷ്ടമായത്. ബസ് മലപ്പുറം എടപ്പാളിൽ എത്തിയപ്പോൾ ബസിൽ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
