കാസര്‍കോട്: ഭാര്യ അറിയാതെ സ്വര്‍ണം പണയം വക്കുന്നതു കുറ്റകരമെന്ന് കോടതി. സ്വര്‍ണം പണയം വച്ചയാള്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷാവിധി പരിശോധിക്കണമെന്ന് കാണിച്ച് കാസര്‍കോട് സ്വദേശി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് എ ബദറുദ്ദീന്റെതാണ് ഉത്തരവ്. ഭാര്യാമാതാവ് സമ്മാനമായി സ്വര്‍ണം നല്‍കിയപ്പോള്‍ അത് ബാങ്ക് ലോക്കറില്‍ വെക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന്‍ മുതല്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തി. വിവരമറിഞ്ഞ ഭാര്യ പൊലീസില്‍ പരാതി നല്‍കി. വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഭര്‍ത്താവിനു മേല്‍ ചുമത്തിയത്. വിശ്വാസവഞ്ചനാ കുറ്റം നിലനില്‍ക്കുമെന്ന മജിസ്‌ട്രേറ്റ് കോടതിയുടെയും സെഷന്‍സ് കോടതിയുടെയും കണ്ടെത്തലാണ് ഹൈക്കോടതി ശരിവച്ചത്.
