കാസര്‍കോട്: ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ പ്രവര്‍ത്തനത്തിനിടയില്‍ കാല് നഷ്ടപ്പെട്ട ബിനീഷിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എഫ്‌ഐ.ടി.യു ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അനധികൃതമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ട കര്‍ണ്ണാടകയില്‍ നിന്നുള്ള ബോട്ടിനെ പിടികൂടാന്‍ അധികൃതരോടൊപ്പം കടലില്‍ ജോലിയില്‍ ചെയ്യുന്നതിനിടെ ടീം അംഗമായ ബിനീഷിന് പരിക്കുപറ്റുകയും, മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കാല് മുറിച്ചുമാറ്റുകയും ചെയ്തു. മൂന്നു ലക്ഷം രൂപയിലധികം ഇതുവരെ ചികിത്സക്ക് ചെലവായി. ബിനീഷിന്റെ ചികിത്സ പൂര്‍ണ്ണമായും സര്‍ക്കാന്‍ ഏറ്റെടുക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. കാല് നഷ്ടപ്പെട്ടതിനാല്‍ ഇത്തരം ജോലിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ യോഗ്യതയനുസരിച്ച് ഇരുന്ന് ചെയ്യാന്‍ പറ്റുന്ന ജോലി നല്‍കുകയും വേണം. പുറംകടലില്‍ അപകടത്തില്‍ പെട്ട ബിനീഷിന് കരക്കെത്തിക്കുമ്പോഴേക്കും രക്തം വാര്‍ന്നു പോവുകയും അതുകൊണ്ട് അദ്ദേഹത്തിന്റെ കാല് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയുമായിരുന്നു. രക്ഷാ ദൗത്യത്തിലേര്‍പ്പെടുന്ന ബോട്ടുകളില്‍ ഫസ്റ്റ് എയ്ഡ് അടക്കമുള്ള മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്നും ഇത്തരം തൊഴിലാളികള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി.എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. പി.കെ.രവി, ഹമീദ് കക്കണ്ടം, എം.ഷഫീഖ്, സഫിയ സമീര്‍, സിദീഖ് യു പ്രസംഗിച്ചു.
