കാസർകോട്: നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ അതിക്രമിച്ച് കടന്നെത്തിയ ആൾ ജീവനക്കാരനെ വെട്ടി പരുക്കേൽപ്പിച്ച് അക്രമി ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ആശുപത്രിയിലെ എംആർഐ സ്കാനിംഗിലെ ടെക്നിക്കൽ ജീവനക്കാരനായ ഉളിയത്തടുക്ക എസ്പി നഗറിലെ അബ്ദുൽ റസാഖിനാണ് (38) വെട്ടേറ്റത്. കാലിനാണ് പരിക്ക്. അതിക്രമിച്ചെത്തിയ യുവാവ് ജീവനക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ അക്രമം നടത്തുകയായിരുന്നു. രണ്ട് തവണ ഒഴിഞ്ഞു മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് താഴെ വീണതോടെ കാലിന് വെട്ടിപരിക്കേല്പിച്ചു. ജീവനക്കാരും ആശുപത്രിയിൽ ഉള്ളവരും ഓടി കൂടിയതോടെ ആക്രമി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. ആശുപത്രിയിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ ജീവനക്കാരനെ ഇതേ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. യുവാവിൽനിന്നും പൊലീസ് മൊഴിയെടുത്തു. അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.