കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ യുവതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പുത്തിഗെ, ബാഡൂര്‍ എ എല്‍ പി സ്‌കൂള്‍ അധ്യാപികയായ ഷേണി, ബജകൂഡ്‌ലുവിലെ സച്ചിതാറൈ (27)യുടെ അപേക്ഷയാണ് കോടതി തള്ളിയത്. കേസുകളുടെ ഗൗരവം കണക്കിലെടുത്തും സംസ്ഥാനത്തിനു അകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നത് കണക്കിലെടുത്തുമാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കുമ്പള, ബദിയഡുക്ക, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി, പൊലീസ് സ്റ്റേഷനുകളിലാണ് സച്ചിതയ്‌ക്കെതിരെ കേസുള്ളത്. ഇതിനിടയില്‍ സച്ചിതയ്‌ക്കെതിരെ ഒരു പരാതി കൂടി ബദിയഡുക്ക പൊലീസില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കേസെടുത്തിട്ടില്ല.
