ബീഫാത്തിമയും ഉമ്മുകുല്‍സുവും പിന്നെ ഓത്തുകെട്ടിയും

ഈയിടെ കൂക്കാനത്ത് ചെന്നപ്പോള്‍ പഴയകാല ഓര്‍മ്മകള്‍ മനസ്സിലേക്കോടിയെത്തി. 1956ല്‍ എന്നെ മതപാഠശാല (മദ്രസ) യിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബീഫാത്തിമയെയും ഉമ്മുകുല്‍സുവിനെയും കാണാന്‍ തോന്നി. ബീഫാത്തിമ അസുഖ ബാധിതയായി കിടപ്പിലാണെന്നറിഞ്ഞു. ഉച്ചന്‍വളപ്പ് എന്നാണ് അവര്‍ താമസിക്കുന്ന പറമ്പിന്റെ പേര്. പണ്ട് ആറോ എട്ടോ ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പറമ്പായിരുന്നു അത്. ഒരു ഓടിട്ട വീടേ ആ പറമ്പില്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് എട്ടോളം വീടുകളുണ്ടതില്‍. പറമ്പിന്റെ കുറേഭാഗം വില്‍പ്പന നടത്തിയിട്ടുണ്ട്. ബീഫാത്തിമ താമസിക്കുന്ന വീട് കണ്ടെത്തി. എന്റെ കൂടെ എം.ശശിമോഹനനും കെ. കൃഷ്ണനും ഷറഫുദ്ദീനും ഉണ്ടായിരുന്നു. ബീഫാത്തിമ കിടക്കുന്ന മുറിയിലേക്ക് ഞാന്‍ കടന്നു. കണ്ട ഉടനെ വയ്യായ്കയിലും അവര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അടുത്തു ഞാനും ഇരുന്നു. എന്റെ വല്യ അമ്മാവന്റെ (പോത്താം കണ്ടത്തിലെ അവ്വകര്‍) മകളാണ് ബീഫാത്തിമ. അസുഖ കാര്യങ്ങളും കുടുംബകാര്യങ്ങളും പരസ്പരം പങ്കുവെച്ചു.
പണ്ട് മദ്രസയില്‍ പോയ കാര്യം ഓര്‍മ്മയുണ്ടോ എന്ന് ഞാന്‍ തിരക്കി. ബീഫാത്തിമ ഒന്ന് ചിരിച്ചു. എന്നേക്കാള്‍ മൂന്ന് നാല് വയസ്സിന് മൂപ്പാണ് ബീഫാത്തിമ. അന്നത്തെ വേഷത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു. ചുവന്ന മുണ്ടും കൈ നീളന്‍ ബ്ലൗസും തട്ടവുമായിരുന്നു നീ ധരിച്ചിരുന്നത്. രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് പുറപ്പെടും. ഉച്ചന്‍ വളപ്പിലേക്ക് ഉമ്മ എന്നെ കൂട്ടിക്കൊണ്ടാക്കും. ‘ഇവനെ ശ്രദ്ധിക്കണേ’ എന്ന് ഉമ്മ ബീഫാത്തിമാനോടും ഉമ്മുകുല്‍സുവിനോടും പറയും. എന്റെ ഉമ്മ അതിരാവിലെ എഴുന്നേറ്റ് അമ്മിയില്‍ അരി അരച്ച് ദോശ ചുട്ട് തരും. തലേന്നാളത്തെ മത്തിക്കറിച്ചട്ടിയുടെ പള്ളക്ക് പറ്റിയ കറിയില്‍ ഉരച്ച് വായിലിട്ടു തരും.
ഉച്ചന്‍ വളപ്പില്‍ നിന്ന് മൂന്നു പേരും കരിവെള്ളൂരിലേക്ക് ഓട്ടമാണ്. ആറരക്ക് മദ്രസയില്‍ എത്തിയില്ലെങ്കില്‍ ഉസ്താദിന്റെ ചൂരല്‍ കഷായം ഉറപ്പ്. ഓട്ടത്തിനിടയില്‍ ചില പരിപാടികളുണ്ട്. ഉച്ചന്‍ വളപ്പിന്റ പടിഞ്ഞാറ് വയലാണ്. വയലിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന വലിയൊരു പറങ്കിമാവുണ്ടായിരുന്നു. അതില്‍ പിടിച്ച കശുവണ്ടി വയലിലേക്ക് വീണിട്ടുണ്ടാകും. മൂന്നു പേരും വാശിയോടെ അണ്ടി പെറുക്കിയെടുക്കും. തുടര്‍ന്നും ഓട്ടമാണ്. മണക്കാട് എത്തിയാല്‍ അവിടെ വെള്ളി എന്ന് പേരുള്ള ഒരു വ്യക്തി നടത്തുന്ന പീടികയുണ്ട്. അവിടെ കൊരട്ട കൊടുത്ത് ഒയലിച്ച മുട്ടായി വാങ്ങും. അതും വായിലിട്ടാണ് വീണ്ടും ഓട്ടം. ഞങ്ങളുടെ കയ്യില്‍ തുണികൊണ്ട് കവര്‍ ചെയ്ത ‘മുസഹഫ്’ഉണ്ടാവും. അതും മാറോടടുക്കി പിടിച്ചാണ് ഓട്ടം. മണക്കാട്ട് കൂടി ഓടുമ്പോള്‍ തടിച്ച ഒരു യുവാവ് എന്നോട് കിത്താബ് നോക്കാന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു:’മറ്റുള്ളവര്‍ കിത്താബ് തൊടാന്‍ പാടില്ല. ഞാന്‍ തരില്ല. ‘അതും പറഞ്ഞ് ഓടും. അയാള്‍ പിന്നാലെ ഓടി വന്ന് കിത്താബ് തൊടും. ‘നിങ്ങളുടെ കണ്ണുപൊട്ടും’. ഞാന്‍ പേടിപ്പിക്കും.
മദ്രസയില്‍ കൃത്യസമയത്ത് എത്തും. ഓതാന്‍ തുടങ്ങും. എല്ലാം മന:പാഠം പഠിക്കണം അത് ഉസ്താദിനെ ചൊല്ലി കേള്‍പ്പിക്കണം. അക്കാലത്ത് ഓതാന്‍ മാത്രമെ പഠിപ്പിക്കൂ. എഴുത്ത് പരിപാടിയില്ല.
രണ്ട് ഉസ്താദുമാരെ അന്ന് കരിവെള്ളൂരിലെ ‘ഓത്ത് കെട്ടി’യില്‍ ഉണ്ടായിരുന്നുള്ളു. നരച്ചതാടിയുള്ള മൂസാന്‍ കുട്ടി സീതിയും, ക്രൂരനായ മുഹമ്മദ് മുക്രിയും. സീതി പാവമാണ്. മുക്രി അടിച്ച് ദ്രോഹിക്കും. ശിക്ഷ കഠിനമായിരുന്നു അക്കാലത്ത്. അത് ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണ് ചിട്ട. മഹമൂദ് മുക്രിക്ക് അസുഖം വരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അത്രയും ക്രൂരനായിരുന്നു. എട്ടര മണി വരെ സഹിച്ചേ പറ്റൂ. കിഴക്കുഭാഗത്ത് നിന്ന് വരുന്ന വെയില്‍ മദ്രസയുടെ വാതിലിനുള്ളിലൂടെ കടന്നുവരും. ആ സൂര്യവെളിച്ചം ഒരു നിശ്ചിത സ്ഥലത്തെത്തുമ്പോഴാണ് എട്ടര മണിയാവുക. അപ്പോഴാണ് മുഹമ്മദ് മുക്രി അദ്ദേഹത്തിന്റെ മേശമേലുള്ള മണി മുട്ടുക. അതിന് വേണ്ടി ആകാംക്ഷയോടെ ഞങ്ങള്‍ കാത്തുനില്‍ക്കും. ഞങ്ങള്‍ പഠിക്കുന്ന മുസ്ഹഫില്‍ ”ഇന്നഹൂക്കാന തൊവ്വാബ’ എന്നൊരു വാചകമുണ്ട്. അര്‍ത്ഥമൊന്നും പഠിപ്പിക്കാത്ത കാലം. ‘കുക്കാനത്തേക്ക് പോകാന്‍ സമയമായി’എന്ന് ഞാന്‍ മനസ്സില്‍ കരുതും.
തിരിച്ചും ഓട്ടമാണ്. എനിക്ക് ഓലാട്ട് സ്‌കൂളില്‍ എത്തണം. കരിവെള്ളൂരില്‍ നിന്ന് കൂക്കാനത്തെ വീട്ടിലെത്തി. സ്ലേറ്റും പുസ്തകവുമെടുത്ത് വീണ്ടും സ്‌കൂളിലേക്കുള്ള ഓട്ടം. ബീഫാത്തുവിനും ഉമ്മുകുല്‍സുവിനും സ്‌കൂളില്‍ പോകേണ്ട പെണ്‍കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാത്ത കാലം. അവര്‍ ഭാഗ്യവതികള്‍. ഓത്തു കെട്ടിയില്‍ മാത്രം പോയാല്‍ മതിയല്ലോ?
ബീഫാത്തിം ഞാന്‍ പറയുന്നതെല്ലാം കേട്ടിരുന്നു. ചില കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ട്. അപ്പോള്‍ മുഖത്ത് ഒരു ചെറു ചിരി വിടരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page