എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ: കുടുംബത്തെ അനുശോചനം അറിയിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ കുടുംബത്തെ അനുശോചനം അറിയിച്ചു. സീല്‍ ചെയ്ത കവര്‍ പത്തനംതിട്ട സബ് കലക്ടറുടെ കൈവശമാണ് നല്‍കി വിട്ടത്. അദ്ദേഹമാണ് നവീന്‍ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്.
‘നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടുമാറിയിട്ടില്ല. ‘എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമെ ഇപ്പോള്‍ സാധിക്കൂള്ളൂ’- കലക്ടര്‍ കത്തില്‍ പറഞ്ഞു.
വിവാദമായ യാത്രയയപ്പു ചടങ്ങിനു ശേഷം നവീന്‍ബാബുവിനോട് സംസാരിച്ചിരുന്നുവെന്നും കത്തില്‍ പറഞ്ഞു. നവീന്‍ബാബുവിന്റെ ആത്മഹത്യയ്ക്കു ശേഷം ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ കലക്ടറേറ്റില്‍ എത്തിയിരുന്നില്ല. എത്തിയാല്‍ പ്രതിഷേധിക്കുവാന്‍ ഒരു വിഭാഗം ജീവനക്കാര്‍ തയ്യാറെടുത്തതായുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കലക്ടര്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള കത്ത് നവീന്‍ബാബുവിന്റെ കുടുംബത്തിനു നല്‍കിയത്.

കത്തിലെ പൂര്‍ണ വിവരം

പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും,

പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാന്‍ ഇത് എഴുതുന്നത്. ഇന്നലെ നവീനിന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നതുവരെ ഞാന്‍ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല.
നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടുമാറിയിട്ടില്ല.
ഇന്നലെ വരെ എന്റെ തോളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ട് മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍…എനിക്ക് ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍..
സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാന്‍ മനസ്സ് വെമ്പുമ്പോളും, നവീന്റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും, നഷ്ടബോധവും പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ എന്റെ വാക്കുകള്‍ക്ക് കെല്‍പ്പില്ല.
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമെ ഇപ്പോള്‍ സാധിക്കൂള്ളൂ.
പിന്നീട് ഒരവസരത്തില്‍ നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ വീട്ടിലേക്ക് വരാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page