കാസര്‍കോട്: ബോവിക്കാനം, പൊവ്വല്‍, ബെഞ്ച്‌കോടതിക്കു സമീപത്തെ പി.എ ജാഫറിന്റെ ഭാര്യ അലീമ എന്ന ശൈമ (35)യുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ആത്മഹത്യാ കുറിപ്പ് അതീവരഹസ്യമായാണ് ശൈമ ഒളിപ്പിച്ചു വച്ചിരുന്നത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കുറിപ്പിലെ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് അലീമ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്. അന്നുരാത്രി ജാഫറും അലീമയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിനു ശേഷമാണ് ആത്മഹത്യ. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശൈമയെ ഉടന്‍ ചെര്‍ക്കള, കെ.കെ പുറത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച രാത്രി 9.30മണിയോടെ നാട്ടിലെത്തിച്ച മൃതദേഹം പൊവ്വല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. അതേ സമയം ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ ഭര്‍ത്താവ് ജാഫറിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അലീമയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഭര്‍ത്താവിന്റെ കൊടിയ പീഡനവും ശാരീരിക ഉപദ്രവവുമാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. കര്‍ണ്ണാടക, സുള്ള്യ, ജയനഗര്‍, സ്വദേശിനിയാണ് ശൈമ.
