കാസര്‍കോട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ വന്‍ സ്‌ഫോടനം. പത്തിലേറെ തവണ സ്‌ഫോടനം നടക്കുകയും തീഗോളം ആകാശത്തോളം ഉയരുന്നതു കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി 7.45മണിയോടെയാണ് സ്‌ഫോടനശബ്ദം കേട്ടത്. മിനുറ്റുകളുടെ വ്യത്യാസത്തില്‍ ഒന്നിനു പിറകെ സ്‌ഫോടന പരമ്പര ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. സമീപത്തെവിടെയെങ്കിലും ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ വെടിക്കെട്ട് എന്നായിരുന്നു നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ സമീപ പ്രദേശങ്ങളിലൊന്നും ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികള്‍ ബുധനാഴ്ച രാത്രി ഉണ്ടായിരുന്നില്ല. ഇക്കാര്യം ഇന്നു രാവിലെയാണ് നാട്ടുകാര്‍ സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചക്ക് മേഘസ്‌ഫോടനം നടന്നുവെന്നു സംശയിക്കുന്ന സ്ഥലത്താണ് രാത്രിയില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവം നാട്ടില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്‌ഫോടനത്തിന്റെ നിജസ്ഥിതി കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
