കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ബി.എന്‍.എസ് 108-ാം വകുപ്പ് പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പത്തുവര്‍ഷം വരെ തടവു കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്നോടിയായി നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തി ദിവ്യ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. നവീന്‍ ബാബുവിനെ പൊതുസഭയില്‍ അവഹേളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് കാരണം പി പി ദിവ്യയുടെ ആരോപണമാണെന്ന് ഉന്നയിച്ച് സിപിഎം വനിതാ നേതാവിനെതിരെ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് നേരത്തെ കേസെടുത്തിരുന്നത്. ഇതിനിടയിലാണ് ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കേണ്ടതുണ്ടെന്ന നിയമോപദേശം പൊലീസിനു ലഭിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ദിവ്യ.
