പക്ഷി പിടിയന്‍ സുലൈമാനിച്ച | Kookkanam Rahman

ആളൊരു വ്യത്യസ്തനായ മനുഷ്യനാണ്. പക്ഷിമൃഗാദികളെ വാത്സല്യപൂര്‍വ്വം പരിചരിക്കുന്ന വ്യക്തി. സ്വയം പഠിച്ച ടെക്‌നീഷ്യനാണ്. ടോര്‍ച്ച്, സൈക്കിള്‍, റേഡിയോ, വാച്ച്, മോട്ടോര്‍ തുടങ്ങി കേടുപറ്റിയ ഏത് വീട്ടുപകരണങ്ങളും റിപ്പയര്‍ ചെയ്തു കൊടുക്കും. കച്ചവടക്കാരനാണെങ്കിലും അതില്‍ വലിയ താല്‍പര്യമില്ല. ഒതുങ്ങിയ ജീവിതം ആഗ്രഹിക്കുന്ന വ്യക്തി. രണ്ടാം ക്ലാസുവരെയേ സ്‌കൂളില്‍ പോയിട്ടുള്ളു. കവിത എഴുത്തും ഇദ്ദേഹത്തിന് വഴങ്ങും. സമൂഹത്തിലെ അനീതികള്‍ക്കെതിരെ കവിതകളിലൂടെ ശക്തമായി പ്രതികരിക്കും. പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ നിരവധി കവിതകള്‍ വെളിച്ചം കണ്ടിട്ടുണ്ട്. പട്ടിണി കിടന്നാലും ആരോടും പരിഭവപ്പെടാറില്ല. സ്വന്തമായി കെട്ടിമേഞ്ഞ ചെറിയൊരു വീട്ടിലായിരുന്നു ആദ്യകാലജീവിതം. ഇരുപത്തിയഞ്ച് മീറ്ററോളം ആഴമേറിയ കിണര്‍ തനിച്ച് കുഴിച്ചിട്ടുണ്ട്. സിനിമാഭ്രാന്തനാണ്. അക്കാലത്ത് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള പയ്യന്നൂരിലേക്ക് ചെന്ന് റിലീസാവുന്ന എല്ലാ സിനിമകളും കാണും. സൈക്കിളിലാണ് യാത്ര. അതൊക്കെ ഒരു ത്രില്ലാണ് മൂപ്പര്‍ക്ക്.
സമ്പാദിക്കാനുള്ള ആഗ്രഹമൊന്നുമില്ല. അവസരം കിട്ടുമ്പോഴൊക്കെ ചീട്ട് കളിയിലും മുഴുകും. കച്ചവടത്തിലൊന്നും ശ്രദ്ധിക്കാതെ ഇത്തരം ശീലങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബന്ധുക്കള്‍ ഉപദേശിക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ നാടന്‍ ഭാഷയിലുള്ള പ്രതികരണം ഇങ്ങനെയാണ്. ‘ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. പോകുമ്പോഴും ഒന്നും കൊണ്ടുപോകില്ല’.
പ്രകൃതി സ്‌നേഹിയും മനുഷ്യസ്‌നേഹിയും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായി എണ്‍പത് വര്‍ഷത്തോളം ജീവിച്ചു. തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു. പഴയ കാലത്ത് മണക്കാട് തെക്കേ പിടിക (എം.ടി.പി) തറവാട്ടില്‍ പിറന്ന കരിവെള്ളൂരിലെ മുസ്ലിങ്ങളെല്ലാം കമ്മ്യൂണിസ്റ്റുകാരായിരുന്നു. ആസ്ഥാന തറവാട് വീട്ടിലെ താമസക്കാരനായ മായിന്‍ച്ച എന്ന എം.ടി.പി മാഹിന്‍, ചന്തേരയിലേക്ക് താമസം മാറിയ സഖാവ് അബ്ദുറഹിമാനിച്ച, കുട്ടിക്കൊവ്വലിലെ സ: അബ്ദുള്ള,
കൂക്കാനത്തെ എം.ടി.പി. മുഹമ്മദ് എന്നിവരൊക്കെ പാര്‍ട്ടി മെമ്പര്‍മാരും റെഡ് വളണ്ടിയേര്‍സുമായിരുന്നു.
സുലൈമാനും പാര്‍ട്ടി പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. തിരഞ്ഞെടുപ്പുവന്നാല്‍ ആവേശകരമായ മുദ്രാവാക്യം രചിക്കാനും വിളിച്ചു പറയാനും മുമ്പിലുണ്ടാവും. തിരഞ്ഞെടുപ്പ് ചിഹ്നം വിവിധ രൂപത്തില്‍ നിര്‍മ്മിച്ച് ആളുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കാനും സുലൈമാനിച്ച മാതൃക കാണിക്കും. അരിവാള്‍ ചുറ്റിക നക്ഷത്രം മനോഹരമായി കളര്‍ പേപ്പറില്‍ വെട്ടിയെടുത്ത് ചതുരാകൃതിയിലുള്ള കടലാസ് പെട്ടിയില്‍ ഉയരത്തിലുള്ള മരക്കൊമ്പില്‍ കെട്ടിത്തൂക്കും. പെട്ടിക്കുള്ളില്‍ മെഴുകുതിരി കത്തിച്ചു വെക്കും. ഇതൊക്കെ അദ്ദേഹത്തിന്റെ സ്വന്തം കണ്ടുപിടുത്തങ്ങളാണ്.
കാര്‍ഷിക രംഗത്തും തന്റേതായ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഒട്ടുമാവ്, ഒട്ടു പ്ലാവ്, വിവിധ തരം ചെടികളെ ഒട്ടിച്ച് വ്യത്യസ്ത പൂക്കള്‍ ഒരേ ചെടിയില്‍ വിരിയിച്ചെടുക്കുക എന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമാണ്. തോട്ടിലും കുളത്തിലും ചെന്ന് മീന്‍ പിടിക്കുകയെന്നതും അദ്ദേഹത്തിന് ഹരമായിരുന്നു.
സാധാരണയായി മുസ്ലീം വിഭാഗക്കാര്‍ നായയെ വളര്‍ത്താറില്ല. അദ്ദേഹം പീടികയില്‍ ഒരു പട്ടിക്കുട്ടിയെ വളര്‍ത്തി. വളരെ പെട്ടെന്ന് നായ ഉഷാറായി. കറുത്തൊരു നായയായിരുന്നു അത്. പേരിട്ടത് ടിപ്പു എന്നായിരുന്നു. ടിപ്പു സുലൈമാനിന്റെ കൂടെ എവിടെ പോവുമ്പോഴും ഉണ്ടാവും. സൈക്കിളിലാണ് യാത്രയെങ്കില്‍ ടിപ്പു ബാക്ക് സീറ്റില്‍ തുള്ളിക്കയറി ഇരിക്കും. തന്റേതായ ഒരു നിലപാടുള്ളതിനാല്‍ അത്തരം പ്രവര്‍ത്തികളില്‍ ആരെങ്കിലും നീരസം കാണിച്ചാല്‍ അദ്ദേഹം അതൊന്നും പരിഗണിക്കില്ല.
താന്‍ ഉണ്ടാക്കിയെടുക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കാക്ക, തത്ത, അരിപ്രാവ്, അണ്ണാന്‍ എന്നിവയെ കെണി വെച്ച് പിടിക്കും. പിടിക്കുന്നത് ഓമനിച്ചു വളര്‍ത്താനാണ്. അതില്‍ കാക്കയെ മാത്രം കറുത്ത കണ്ണന്‍ എന്ന സ്ഥിരം വയറു വേദനക്കാരന് കൊടുക്കും. കാക്കയിറച്ചി വയറു വേദനയ്ക്ക് പരിഹാരമാണു പോലും. അണ്ണാരക്കണ്ണന്‍, അരിപ്രാവ് ഇവയൊക്കെ എത്രമാത്രം ഇണങ്ങിയാണ് സുലൈമാനിച്ചാനോട് ഇടപഴകുന്നത്! കുറേകാലം കൂട്ടിലിട്ട് വളര്‍ത്തും. അവ ഇണങ്ങിയെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ കൂട് തുറന്ന് വിടും. തുടര്‍ന്ന് പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാല്‍ തിരിച്ചു വരാന്‍ പരിശീലനം നല്‍കും. അണ്ണാനും, അരിപ്രാവും എവിടെയായിരുന്നാലും ശബ്ദം കേള്‍ക്കുമ്പോള്‍ അവ തിരിച്ചെത്തും. സുലൈമാനിച്ചയുടെ മടിയിലും കയ്യിലും മറ്റും അവ വന്നിരിക്കും. തത്ത പൊതുവെ മനുഷ്യരോട് ഇണങ്ങുന്നവയാണല്ലോ? തത്തയും അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാണ്.
അദ്ദേഹത്തിന്റെ പക്ഷി ചങ്ങാത്തത്തിന്റെ ഉദാത്തമായ ഒരു ഉദാഹരണം വേറൊന്നായിരുന്നു. രണ്ടു മഞ്ഞക്കുരുവികളാണവ. അവയെ പിടിച്ചിട്ടില്ല. കൂട്ടിലിട്ടു വളര്‍ത്തിയിട്ടില്ല. വീട്ടിനു മുമ്പിലെ പൂന്തോട്ടത്തില്‍ നിത്യ സന്ദര്‍ശകരായിരുന്നു ഈ മഞ്ഞക്കുരുവികള്‍. അവയ്ക്ക് കൊത്തിക്കൊറിക്കാന്‍ എന്തെങ്കിലും എറിഞ്ഞു കൊടുക്കും. ക്രമേണ കൈവെള്ളയില്‍ വെച്ച് കാണിച്ചാലും ആ പക്ഷികള്‍ പാറി വന്ന് കൊത്തിത്തിന്നും. ഈ ഇണക്കുരുവികള്‍ രാവിലെയാണ് തോട്ടത്തില്‍ എത്തുക. സുലൈമാനിച്ച കിടക്കുന്ന ബെഡ് റൂമിന്റെ ജനല്‍ പാളി തുറന്നു വെച്ചിട്ടുണ്ടാവും. മഞ്ഞക്കുരുവികള്‍ ജനല്‍ പാളിക്കടുത്ത് വന്നിരിക്കും. അവ പ്രത്യേക ശബ്ദമുണ്ടാക്കുന്നത് കേട്ടുകൊണ്ടാണ് സുലൈമാനിച്ച എഴുന്നേല്‍ക്കുക. ഉടനെ അവയ്ക്കുള്ള ആഹാരം കൈ വെള്ളയില്‍ വെച്ച് ജനലിനു വെളിയിലേക്ക് കൊടുക്കും. നാളുകള്‍ കടന്നുപോയി. രോഗബാധിതനായി കിടക്കുമ്പോഴും മഞ്ഞക്കിളികള്‍ കൃത്യമായെത്തും. വയ്യായെങ്കിലും പക്ഷി സ്‌നേഹിയായ അദ്ദേഹം അവയ്ക്ക് ആഹാരം നല്‍കും.
അദ്ദേഹം മരിച്ച ദിവസവും മഞ്ഞപ്പക്ഷികള്‍ വന്നു. അവ ശബ്ദമുണ്ടാക്കിയിട്ടും ജനല്‍ തുറന്നില്ല. അവ ജനല്‍ഗ്ലാസില്‍ കൊത്തി ശബ്ദമുണ്ടാക്കി. കുറേ നേരം കാത്തിരുന്നു തുറക്കാത്തപ്പോള്‍ അവ പറന്നുപോയി. മരിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ വീട്ടില്‍ പോയിരുന്നു. അന്നും ആ മഞ്ഞപ്പക്ഷികള്‍ വന്നു. ആദ്യം ശബ്ദമുണ്ടാക്കി. തുറക്കാത്തപ്പോള്‍ ജനല്‍ഗ്ലാസിന് കൊത്തി നോക്കി. കുറേ നേരം അവ നിശ്ശബ്ദമായി ഇരുന്നു. വേദനയോടെ പറന്നുപോകുന്നത് ഞാന്‍ നോക്കി നിന്നു. ആഹാരം നല്‍കിയിരുന്ന മനുഷ്യനോട് ആ മഞ്ഞക്കിളികള്‍ കാണിക്കുന്ന സ്‌നേഹം മനസ്സിന് കുളിര്‍ പകര്‍ന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Heart touching

RELATED NEWS

You cannot copy content of this page