കാസര്‍കോട്: ചെര്‍ക്കള ചൂരി മൂലയിലെ മൈമൂനയുടെ ദുരൂഹ മരണത്തിന്റെ ഘാതകരെ ഉടന്‍ കണ്ടെത്തണം എന്നാവശ്യവുമായി ആക്ഷന്‍ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക്. വീട്ടമ്മയുടെ മരണത്തിന് പിന്നില്‍ കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് മാഫിയ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ടതാണെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തീയതി പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ട മൈമൂനയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കി മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനും ഉള്ള നടപടികള്‍ ഉണ്ടാവണം. മരണപ്പെട്ട മൈമൂന എന്ന വീട്ടമ്മ മുഖേന തട്ടിപ്പ് സംഘം കൈക്കലാക്കിയത് നാലര കോടിയോളം രൂപയാണ്. മരണത്തിന് കാരണക്കാരായ സംഘത്തെ കണ്ടെത്തുന്നതിനോടൊപ്പം മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 19 ന് രാവിലെ 10 മണിക്ക് ആദൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുവാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കളായ എബി ധന്യവാദ്, സികെഎം മുനീര്‍, അഷറഫ് ബോവിക്കാനം, ഹനീഫ് ആശിര്‍വാദ്, എം എച്ച് അബ്ദുല്‍ റഹിമാന്‍, ബിഎം അഷ്‌റഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
