കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.
ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ക്കും 15, 16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കള്‍ക്ക് പ്രതികള്‍ നല്‍കാനും കോടതി വിധിച്ചു.
പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന 6 പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പൊലീസ് 6 പേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് തിരികെ കിട്ടത്താതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതില്‍ നിയമ തടസങ്ങളില്ലെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.
