പഴയൊരു തര്‍ക്ക പ്രശ്നം: പുഴുങ്ങിയുണക്കിയ നെല്ല് ഉരലില്‍ ഇട്ട് ഉലക്ക ഉപയോഗിച്ച് കുത്തിയപ്പോള്‍ അരി വല്ലാതെ പൊടിഞ്ഞ് കാണപ്പെട്ടു. എന്താണ് പറ്റിയത്. ആര്‍ക്കാണ് തെറ്റ് പറ്റിയത്? ആരെ കുറ്റപ്പെടുത്തണം. ഉരലിന്റെ കുഴപ്പമെന്ന് ഉലക്ക; അല്ല, നേരെ മറിച്ചാണ് എന്ന് ഉരല്‍. ഉണക്കം ശരിയായില്ല നെല്ലിന്റെ: പുഴുങ്ങിയതില്‍ പാകം തെറ്റി-ഇങ്ങനെ ന്യായവും മറു ന്യായവും പറയാന്‍ ഇനിയും പലതുമുണ്ടാകും. പൊടിയരി ബാക്കി.
ഉലക്ക, ഉരല്‍ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് ഇക്കാലത്ത് എത്രപേര്‍ക്ക് അറിയാം? അതുകൊണ്ട് നമ്മുടെ പുലിക്കുന്നിലേക്ക് പോകാം. കാസര്‍കോട്ട് നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള സംസ്ഥാന പാതയുടെ തുടക്കം ആണല്ലോ അവിടം. രാപ്പകല്‍ ഇല്ലാതെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നത് ആ പാതയിലൂടെയാണ്. കാഞ്ഞങ്ങാട് എത്താനുള്ള സമയം കുറയും അതുവഴി പോയാല്‍. വിദ്യാനഗര്‍-ചെര്‍ക്കള-ചട്ടഞ്ചാല്‍ വഴി പോകുമ്പോള്‍ ഇതിന്റെ ഇരട്ടിയോളം ദൈര്‍ഘ്യമുണ്ട്; സ്വാഭാവികമായും കൂടുതല്‍ സമയമെടുക്കുമല്ലോ. ഏറെ ഉയരുന്നത് ആദ്യം പറഞ്ഞ പാതയിലാണ്.
ഇപ്പോള്‍ എന്താണ് അവസ്ഥ? അതാണ് വാര്‍ത്താവിഷയം. പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന ദുര്‍ഗമ ദുസ്തരം എന്ന അവസ്ഥ. പുലിക്കുന്ന് ഭാഗത്തെ റോഡ് നന്നാക്കാന്‍ പദ്ധതി. നന്നാക്കി തീരുന്നത് വരെ അത് വഴിക്കുള്ള വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞു. 16 ദിവസം കഴിഞ്ഞപ്പോള്‍ അധികൃതര്‍ പ്രഖ്യാപിച്ചു; റോഡ് നന്നാക്കി കഴിഞ്ഞു. ഗതാഗത നിയന്ത്രണം ഇനി ആവശ്യമില്ല.
ആശ്വാസം. വാഹനഗതാഗതം വീണ്ടും. വാഹനപ്രവാഹം. പക്ഷേ പുത്തരിയില്‍ കല്ല് കടിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു. പൂര്‍വ്വാധികം ദുര്‍ഗമം. റോഡ് നന്നാക്കാന്‍ നിരത്തിപ്പാകിയ നിര്‍മ്മാണ വസ്തുക്കളെല്ലാം അപ്രത്യക്ഷമായി. ആദ്യം പെയ്ത മഴക്ക് തന്നെ പാകിയ ‘കൊരുപ്പ് കട്ട’കള്‍ എല്ലാം ഒലിച്ചുപോയി എന്നാണ് പറയുന്നത്. (കൊരുപ്പ് കട്ട’യോ എന്താണത്?മുമ്പ് കേട്ടിട്ടില്ല എന്തോ റോഡ് നിര്‍മ്മാണ വസ്തു എന്ന് മനസ്സിലാക്കുക)
ഭാരം കയറ്റിയ വാഹനങ്ങള്‍ പോയപ്പോള്‍ പാതയില്‍ പാകിയ കട്ടകള്‍ ഇളകി. കോണ്‍ക്രീറ്റിനടിയിലെ മണ്ണ് ഇളകി വന്നു. ഇത് പുതിയ കാര്യമല്ല, പുലിക്കുന്ന് ഭാഗത്തെ സംബന്ധിച്ചിടത്തോളം. റോഡ് നിര്‍മ്മിച്ച നാള്‍ തൊട്ട് ആവര്‍ത്തിക്കാറുള്ളത് എന്ന് പറയുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തും. ഇത്തവണ അത് വേണ്ട, പുതുക്കിപ്പണിയാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഗതാഗതം വിലക്കി നിര്‍മ്മാണം തുടങ്ങിയത്. ടെന്‍ഡര്‍ വിളിച്ച് കരാര്‍ കൊടുത്തു, പൊതുമരാമത്ത് വകുപ്പ്. ഒരു കരാറുകാരന്‍ മാത്രമേ ടെന്‍ഡര്‍ കൊടുക്കാന്‍ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നു. എന്തേ മറ്റാരും മുന്നോട്ടു വരാതിരുന്നത്? ഇതില്‍ എന്തോ ഒത്തുകളി നടന്നു എന്ന് ആരോപണമുണ്ട്.
‘കൊരുപ്പ് കട്ട’പാകാന്‍ ഒരടിയില്‍ അധികം മണ്ണ് നീക്കി പകരം പുതുമണ്ണ് നിറച്ചു. മറ്റു നിര്‍മ്മാണ വസ്തുക്കളും നിരത്തി. എന്നാല്‍, റോഡ് റോളര്‍ ഉപയോഗിച്ച് ഉറപ്പിച്ചില്ലത്രെ. അതാണ് ഭാരക്കൂടുതലുള്ള വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ തകരാന്‍ കാരണം എന്ന് ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കടിയില്‍ നീരുറവയുള്ള ഭാഗമാണത്രേ ഇത്. മുമ്പ് ഇവിടെ ഒരു കിണര്‍ ഉണ്ടായിരുന്നു പോലും. അത് മൂടി. എങ്കിലും മഴക്കാലത്ത് അടിയില്‍ നിന്നും വെള്ളം പൊങ്ങിവരും. റോഡ് തകരാനിടയാകും.
കരാറെടുത്ത കോണ്‍ട്രാക്ടര്‍ സ്ഥലത്തിന്റെ ഭൂപ്രകൃതി അറിഞ്ഞിട്ടില്ലേ? അത് അറിഞ്ഞിട്ട് വേണമായിരുന്നു പണി തുടങ്ങാന്‍. ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ കൊടുക്കുമ്പോള്‍, ആരാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് പണി ചെയ്യാമെന്ന് പറയുന്നത് എന്നേ നോക്കാറുള്ളൂ. അതു പോരാ. കാര്യക്ഷമതയുള്ള നിര്‍മാണം ആകണമെന്ന് ഉറപ്പാക്കണം. കാലയളവ് നിശ്ചയിച്ച് അതിനുമുമ്പേ റോഡ് തകരാന്‍ ഇടയായാല്‍ പുതുക്കി പണിയാനുള്ള ഉത്തരവാദിത്വം കരാറുകാരന്‍ ഏല്‍ക്കണം. ഇങ്ങനെയൊരു കര്‍ശന വ്യവസ്ഥ-അശേഷം വിട്ടുവീഴ്ചയ്ക്ക് പഴുതില്ലാത്ത, സര്‍വ്വതോഭദ്രമായ വ്യവസ്ഥ- അതില്ലെങ്കില്‍, ഇപ്പോള്‍ സംഭവിച്ചത് പോലുള്ള ദുര്യോഗമേ ഉണ്ടാവുകയുള്ളൂ.
എത്രയോ അനുഭവങ്ങളുണ്ട്. എന്നിട്ടും! ഒന്നുമാത്രം ചൂണ്ടിക്കാണിക്കാം! ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് റോഡ്. ജില്ലയുടെ ചിലകാല സ്വപ്നമായിരുന്നു മെഡിക്കല്‍ കോളേജ്. അവസാനം സ്ഥലം കണ്ടെത്തിയത് ഉക്കിനടുക്കയില്‍! 2013 നവംബര്‍ 30-ാം തീയതി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. എന്തൊരു ആഘോഷമായിരുന്നു അത്. നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജനറല്‍ ആസ്പത്രി പരിസരത്ത് നിന്ന് ഉക്കിനടുക്ക വരെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും ഘോഷയാത്രയായി നീങ്ങി. വാഹനപ്രവാഹം. നിര്‍ദ്ദിഷ്ടസ്ഥാനത്ത് മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു. ആ കല്ലിന് മേലെ മറ്റൊരു കല്ല് വയ്ക്കാന്‍ എത്ര കാലമെടുത്തു!
അന്ന് മറ്റൊന്നും കൂടി നടന്നു: പെര്‍ള-ഉക്കിനടുക്ക റോഡ് നിര്‍മ്മാണ തുടക്കം കുറിച്ചു. ഒരു കോടിയോളം രൂപ കരാര്‍ തുക. റോഡ് നിര്‍മിച്ചു. പക്ഷേ, ആദ്യത്തെ മഴയ്ക്ക് തന്നെ റോഡ് ഒലിച്ചുപോയി. അത്ര കാര്യക്ഷമമായിരുന്നു റോഡ് പണി. കരാറുകാരനെവിടെ?
ഇതുതന്നെ നമ്മുടെ നാട്ടിലെ റോഡ് നിര്‍മാണങ്ങളുടെ അവസ്ഥ. കുമ്പള-ബദിയഡുക്ക-മുള്ളേരിയ റോഡ്. പൊതുമരാമത്ത് മന്ത്രി തുടക്കം കുറിച്ചു. 20 ലക്ഷം രൂപ ചെലവില്‍. മെക്കാഡം റോഡ് എന്ന് പറഞ്ഞു. സാധാരണ കോണ്‍ക്രീറ്റ് റോഡ്. റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു എന്ന് കേട്ടു. പിന്നെ? ഡെമോക്രസിയുടെ നിര്‍വചനം ഇപ്രകാരം ഭേദഗതി ചെയ്യാം: ‘റോഡ് ഓഫ് കോണ്‍ട്രാക്ടര്‍, ബൈ ദ കോണ്‍ട്രാക്ടര്‍, ഫോര്‍ ദ കോണ്‍ട്രാക്ടര്‍! അതല്ലേ കാണുന്നത് സര്‍വ്വത്ര. ആര്‍ക്ക് ചേതം?
‘കരാര്‍-അല്ല, കരാമത്ത്!’