മംഗ്‌ളൂരു: പിഞ്ചുമക്കളെ കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞ യുവതിയും കാമുകനും അറസ്റ്റില്‍. ഐജൂറു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാമനഗറിലെ സ്വീറ്റി (24), കാമുകന്‍ ഫ്രാന്‍സിസ് (27) എന്നിവരാണ് അറസ്റ്റിലായത്. സ്വീറ്റിയുടെ മക്കളായ കപില (2), കപിലന്‍ (പതിനൊന്ന് മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. എ കെ കോളനിയിലെ ശിവയുടെ ഭാര്യയാണ് സ്വീറ്റി. ഈ ബന്ധത്തിലുള്ള മക്കളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഏതാനും മാസം മുമ്പാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വീറ്റി രണ്ടുമക്കളുമായി കാമുകനൊപ്പം താമസം ആരംഭിച്ചത്. തങ്ങളുടെ സൈ്വര്യ ജീവിതത്തിനു കുട്ടികള്‍ തടസ്സമാകുന്നുവെന്ന് തോന്നിയാണ് മാതാവും കാമുകനും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം മൂത്ത കുട്ടിയായകപിലയെ ഒക്ടോബര്‍ ഒന്നിന് തലയണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം മൃതദേഹം ശ്മശാനത്തിലെത്തിച്ചു കത്തിച്ചുകളഞ്ഞു. ശ്മശാനം കാവല്‍ക്കാരന്‍ ചോദിച്ചപ്പോള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് സ്വീറ്റിയും കാമുകനും മറുപടി നല്‍കിയത്.
രണ്ടാംതീയ്യതി ഇളയ കുഞ്ഞായ കപിലനെയും സാമാന രീതിയില്‍ കൊലപ്പെടുത്തുകയും മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയും അസുഖം മൂലം മരിച്ചുവെന്നാണ് കാവല്‍ക്കാരനോട് പറഞ്ഞത്. സംശയം തോന്നിയ കാവല്‍ക്കാരന്‍ വിവരം സ്വീറ്റിയുടെ ഭര്‍ത്താവായ ശിവയെ അറിയിച്ചു. ഇയാള്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് അന്വേഷിച്ചപ്പോളാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.