വിജയദശമി-ദസ്‌റ ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. അസുര രാജാവായിരുന്ന മഹിഷാസുരനെതിരെ ദുര്‍ഗാദേവി നേടിയ വിജയമാണ് വിജയദശമി. തിന്മയുടെ മേല്‍ അന്തിമ വിജയം നന്മയ്ക്കാണ് എന്ന സന്ദേശമാണ് ഐതിഹ്യങ്ങള്‍ പലതെങ്കിലും ഈ ആഘോഷങ്ങള്‍ നല്‍കുന്നത്.
അക്ഷരലോകത്തേക്ക് കുരുന്നുകളെ പിടിച്ചുയര്‍ത്തുന്ന ദിവസമാണ് വിജയദശമി. കുട്ടികളെ ആദ്യമായി അക്ഷരം എഴുതിക്കുന്ന വിദ്യാരംഭ ദിവസം കൂടിയാണ്. വിദ്യാദേവതയ്ക്ക് പുസ്തകങ്ങളും ആയുധങ്ങളും സമര്‍പ്പിച്ച്, പൂജ കഴിഞ്ഞാണ് വിജയദശമി വരുന്നത്. ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ക്ഷേത്രങ്ങളിലും മറ്റുസ്ഥാപനങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു. സാംസ്‌കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. വിജയദശമി ദിനത്തില്‍ സംസ്ഥാനത്ത് ഇന്ന് ആയിരക്കണക്കിന് കുട്ടികളാണ് ആദ്യക്ഷരമെഴുതുന്നത്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും. മലപ്പുറത്ത് തുഞ്ചന്‍ പറമ്പ് അടക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുണ്ട്. ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയില്‍ ചൂണ്ടുവിരല്‍കൊണ്ട് ആദ്യക്ഷരം. പിന്നെ പൊന്നു തൊട്ട് നാവില്‍ അക്ഷര മധുരം. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ അക്ഷരം കുറിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും വായനശാലകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നുണ്ട്. ഭാഷ പിതാവിന്റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും വിദ്യാരംഭ ചടങ്ങുകള്‍ പുലര്‍ച്ചെ തന്നെ ആരംഭിച്ചു. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ഇരുപതിനായിരത്തിലേറെ കുരുന്നുകള്‍ ഇവിടെ ആദ്യക്ഷരം കുറിക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്.
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കന്‍ പറവൂര്‍ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, കണ്ണൂര്‍ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം തുടങ്ങിയ ദേവീക്ഷേത്രങ്ങളിലും വിദ്യാരംഭം നടക്കുന്നുണ്ട്.