കാസര്‍കോട്:ദേശീയ പാത നിര്‍മ്മാണം അന്തിമഘട്ടത്തോടടുത്തുകൊണ്ടിരിക്കേ ഗതാഗതം ദുസ്സഹമാണ്. എല്ലായിടത്തും പണിത്തിരക്കിനൊപ്പം വാഹനയാത്ര മാത്രമല്ല, കാല്‍നട യാത്ര പോലും പലേടത്തും അതീവ ദുസ്സഹമാണ്. അപ്പോഴാണ് പണി ഏതാണ്ട് പൂര്‍ത്തിയാകാറായ റോഡുകളിലെ സര്‍വീസ് റോഡില്‍ കേബിള്‍ സ്ഥാപിക്കാന്‍ ജെ.സി.ബി ഉപയോഗിച്ചു കുഴിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. വര്‍ഷങ്ങളായി പണിയും ഗതാഗത പ്രതിസന്ധികളും പരാതികളും തുടരുന്ന റോഡില്‍ അപ്പോഴൊന്നും കേബിള്‍ സ്ഥാപിക്കാന്‍ കുഴിയെടുക്കാതിരുന്നവര്‍ റോഡുപണി അന്തിമഘട്ടത്തോടടുത്തപ്പോള്‍ കേബിള്‍ കുഴിയെടുക്കുകയും ഗതാഗതവും കാല്‍ നടയാത്രയും അതീവ ദുസഹമാക്കുകയും ചെയ്യുന്നത്. മൊഗ്രാലില്‍ വികസത പദ്ധതികളെല്ലാം ഒരു ദീര്‍ഘവീക്ഷണവുമില്ലാതെയാണ് പണ്ടു മുതലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. ഓരോരുത്തര്‍ക്കു തോന്നുമ്പോള്‍ തോന്നുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ദുരിതത്തിലാവുന്നതാകട്ടെ വിദ്യാര്‍ത്ഥികളും, കാല്‍നടയാത്രക്കാരും.
സര്‍വീസ് റോഡിലെ ഓവുചാലുകളുടെ പണി പൂര്‍ത്തിയാക്കുകയും നടപ്പാത നിര്‍മ്മാണം ആരംഭിക്കാനിരിക്കെയുമാണ് കേബിള്‍ സ്ഥാപിക്കാനുള്ള കുഴി തോണ്ടല്‍.
ദേശീയപാതയില്‍ നടപ്പാത നിര്‍മ്മാണം വൈകുന്നതില്‍ നേരത്തെ തന്നെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഹൈക്കോടതി പോലും നടപ്പാതയുടെ അനിവാര്യത മറ്റൊരു കേസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാത നിര്‍മ്മാണത്തിനായുള്ള ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനായി സ്ഥലമൊക്കെ നിരപ്പാക്കി തുടങ്ങിയിരുന്നു. ഈ സ്ഥലമാണ് ഇപ്പോള്‍ കേബിള്‍ സ്ഥാപിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു. കേബിള്‍ സ്ഥാപിച്ചാല്‍ കുഴി മൂടുന്നതാകട്ടെ പേരിന് മാത്രം. ബാക്കി ദേശീയപാത നിര്‍മ്മാണ കമ്പനി ചെയ്‌തോളും എന്ന ഭാവവും.
ഇതൊക്കെ ദീര്‍ഘവീക്ഷണത്തോടെ ചെയ്തിരുന്നുവെങ്കില്‍ ഇത്തരത്തില്‍ പരാതികള്‍ ഉയരില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുഴിയെടുത്ത ഭാഗത്തും മൂടിയ ഭാഗത്തും ഇപ്പോള്‍ ചളി കെട്ടിനില്‍ക്കുന്നതും കാല്‍നട യാത്രക്ക് ദുരിതമായിട്ടുണ്ട്.
