കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും ഏഴുപവന്റെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ് കോഴിക്കോട് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ ചേതന നഗറിലെ ഉണ്ണി നിവാസില്‍ ഉണ്ണി മുരുഗനെ (30)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ വിപി അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഈ മാസം ആറിന് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ സി.വി ഗീതയുടെ വീട്ടില്‍ നിന്നാണ് ഏഴുപവനും മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നത്. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണപ്പിരിവുകാരനായി വീടുകള്‍ തോറും കയറിയിറങ്ങി എത്തിയതായിരുന്നു യുവാവ്. വീടിന് പുറത്ത് സൂക്ഷിച്ച പരാതിക്കാരിയുടെ വീട്ടിന്റെ താക്കോല്‍ തിരച്ചില്‍ നടത്തി കണ്ടെത്തി വീട് തുറന്നാണ് മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ചാണ് പൊലീസ് പ്രതിയെ കുടുക്കിയത്. ഒളിവില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയോടെ കോഴിക്കോട് വെച്ചാണ് പൊലീസ് സംഘം മോഷ്ടാവിനെ പിടികൂടിയത്.
