കാലങ്ങള്‍ക്ക് മുമ്പേ ഇത്തരം സ്വഭാവക്കാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷെ അന്നത് അപൂര്‍വ്വമായിരുന്നെങ്കില്‍ ആധുനിക സമൂഹത്തില്‍ വര്‍ദ്ധനവ് കൂടുതലായി കാണുന്നു. വ്യക്തിപരമായ പല കാരണങ്ങള്‍ കൊണ്ട് വിവാഹമോചനത്തിലേക്കെത്തുന്നവര്‍ തുടര്‍ന്ന് വിവാഹത്തോട് പ്രത്യേകിച്ച് പുരുഷന്മാരോട് മൊത്തം വെറുപ്പ് തോന്നുന്ന അവസ്ഥയിലേക്കും സ്ത്രീകളെ എത്തിക്കുന്നുണ്ട്.
ഒരു പരിധിവരെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇതിന്റെ കാരണമെന്ന് കാണാവുന്നതാണ്.
ഇത്തരം സഹോദരിമാരെ നേരിട്ടറിയാം. പക്ഷേ അവരുടെ വ്യക്തിപരമായ പരാമര്‍ശങ്ങളല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അവരെ അതിലേക്ക് നയിക്കുന്ന വസ്തുതകളെ പരാമര്‍ശനത്തിന് വിധേയമാക്കി പരിഹാരം കാണാനുള്ള വഴി കണ്ടെത്താനാണ്.
എന്റെ ചെറുപ്പകാലത്ത് കേട്ടറിഞ്ഞ കാര്യം ആദ്യം പരാമര്‍ശിക്കാം. പേര് എന്‍. എന്ന് കൊടുക്കാം. എന്‍. എന്ന സഹോദരിയെ എ. എന്ന പുരുഷന്‍ വിവാഹം കഴിക്കുന്നു. പരസ്പരം അറിയുന്നവരാണ് രണ്ടുപേരും. വിവാഹം നടന്ന ആദ്യ രാത്രി കഴിഞ്ഞതേയുള്ളു. എന്‍. എന്ന സഹോദരി അവളുടെ വീട്ടിലേക്ക് തിരിച്ചു വന്നു.
വീട്ടുകാരും ബന്ധുക്കളും, നാട്ടുകാരും കാരണം തിരക്കി. അവള്‍ മറുപടി ഒറ്റ വാക്കില്‍ ഒതുക്കി. ഞാന്‍ അവിടേക്കിനി പോവില്ല. എനിക്കിനി കല്യാണം വേണ്ട. സ്‌നേഹിച്ചും ഭയപ്പെടുത്തിയും കാരണം പറയിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. അവളുടെ പ്രശ്‌നം പുറത്തു പറയാന്‍ അവള്‍ക്കാവുന്നില്ല. അക്കാലത്ത് അവളുടെ പ്രശ്‌നം പറയാന്‍ പറ്റില്ല.
പക്ഷേ കാലം കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ അടുത്ത സുഹൃത്തിനോട് കാര്യം വെളിപ്പെടുത്തി.
എ. എന്ന് പറയുന്ന പുരുഷന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പമാണ് സംഭവം. ആദ്യ രാത്രി തന്നെ അവള്‍ ഭയപ്പെട്ടുപോയി അതാണ് കാര്യം. അതൊക്കെ ക്രമേണ പരിഹരിക്കാന്‍ കഴിയുമെന്ന ബോധം അവള്‍ക്കുണ്ടായില്ല.
*
ചെറുപ്പകാലത്ത് കുട്ടികളില്‍ ഉണ്ടാകുന്ന ഭയം പുരുഷന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ല എന്ന ബോധം ജനിപ്പിക്കുന്നു.
വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന കെ. എന്ന സഹോദരി അവളുടെ അനുഭവം പങ്കിട്ടതിങ്ങിനെയാണ്.
ഒറ്റമുറിയുള്ള വീട്. അച്ഛനും അമ്മയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍മക്കളും ആ മുറിയിലാണ് കിടക്കാറ്. അച്ഛന്‍ തികഞ്ഞ മദ്യപാനി. അമ്മ കഞ്ഞിയും കറിയുംവെച്ച് മക്കള്‍ക്ക് നല്‍കി അച്ഛന്‍ വരുന്നത് വരെ ഉറങ്ങാതെ കാത്തിരിക്കും.
അച്ഛന്‍ വന്നു കയറുന്നതേ ഞങ്ങള്‍ക്ക് ഭയമാണ്. വന്ന ഉടനെ കേള്‍ക്കാന്‍ അറക്കുന്ന വാക്കുകള്‍ കൊണ്ട് അമ്മയെ ചീത്തവിളിക്കും. വിശന്ന് ഒട്ടിയ വയറുമായി അമ്മ എണീറ്റ് പോയി അച്ഛന് ഭക്ഷണം നല്‍കും.
അതും കഴിച്ച് ഏമ്പക്കം വിട്ട് വരുന്ന അച്ഛനെ കാണാതിരിക്കാന്‍ മൂടിപ്പുതച്ച് ഞങ്ങള്‍ കിടക്കും.
വിശന്ന് കിടക്കുന്ന അമ്മയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഞാന്‍ കാണും. അനിയത്തി ഉറങ്ങിയിട്ടുണ്ടാകും.
അമ്മ എഴുന്നേറ്റു ഓടും. അരയില്‍ വസ്ത്രമില്ലാതെയാണ് എഴുന്നേറ്റു ഓടുക. അച്ഛന്‍ അമ്മയെ പിടിച്ചു കൊണ്ടുവരും. വീണ്ടും ഭയപ്പെടുത്തി ദ്രോഹിക്കും. അമ്മ അതൊക്കെ സഹിക്കും. ഇത് കണ്ടാണ് ഞാന്‍ വളര്‍ന്നത്.
പിന്നെങ്ങനെ ഞാനൊരു പുരുഷനെ വിശ്വസിക്കും. അത് കൊണ്ട് ഈ കഷ്ടപ്പാട് സഹിക്കാന്‍ എന്തായാലും ഞാനില്ല.
എനിക്ക് കല്യാണം വേണ്ട. അതവളുടെ ഉറച്ച നിലപാടായിരുന്നു.ആ കുട്ടിയെ കുറ്റം പറയാനും പറ്റില്ല.
*
രക്ഷിതാക്കളുടെ നിര്‍ബ്ബന്ധം മൂലം ചില പുരുഷന്മാര്‍ സ്ത്രീകളെ വഞ്ചിക്കാറുണ്ട്. അവന്റെ പ്രശ്‌നം എന്താണെന്ന് വീട്ടുകാരോട് പറയില്ല. തുറന്ന് പറയാനുള്ള മാനസിക പ്രയാസമാണ് ഒരു കാരണം. അത്തരം കാര്യങ്ങള്‍ രക്ഷിതാക്കളുടെ മുമ്പില്‍ എങ്ങിനെ അവതരിപ്പിക്കണമെന്ന അജ്ഞത. എനിക്ക് കല്യാണം വേണ്ടായെന്ന് അവന്‍ പറയും. പക്ഷെ അതില്‍ ഉറച്ചുനില്‍ക്കാതെ രക്ഷിതാക്കളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിക്കും. ഒരു സ്ത്രീ അവളുടെ അനുഭവം പങ്കുവെച്ചതിങ്ങനെയാണ്.
‘കെങ്കേമമായട്ടായിരുന്നു എന്റെ വിവാഹം. കണ്ടാല്‍ സുമുഖന്‍. പ്രൈവറ്റ് കമ്പനിയില്‍ ജോലി. നല്ല സ്വഭാവം.
നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ചിരിച്ചും കളിച്ചും സന്തോഷത്തോടെ നീങ്ങി.
പക്ഷെ കല്യാണം കഴിഞ്ഞ എന്റെ കൂട്ടുകാരികള്‍ പറഞ്ഞ പോലുള്ള സമീപനമൊന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് കാണുന്നില്ല. ഒന്നിച്ചു കിടക്കും. കിടന്ന ഉടനെ നല്ല ഉറക്കത്തിലേക്ക് അയാള്‍ ആഴ്ന്നിറങ്ങും. ഉറക്കം മറുവശത്തേക്ക് ചരിഞ്ഞാണ്. ദിവസങ്ങള്‍ നീങ്ങിയപ്പോള്‍, എനിക്ക് സംശയം തോന്നി.
പകല്‍ സമയത്ത് സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ചിലര്‍ കാണാന്‍ വരാറുണ്ട്. അവരുമായി സൊറ പറഞ്ഞും ഭക്ഷണം കഴിച്ചും സമയം പോക്കും. അദ്ദേഹത്തിന്റെ ഓഫീസ് മുറി കുറേ സമയത്തേക്ക് അടഞ്ഞിരിക്കുന്നത് കാണാം.
ഇദ്ദേഹത്തിന്റെ ലൈംഗിക സ്വഭാവത്തെക്കുറിച്ച് പതുക്കെ മനസ്സിലാക്കാന്‍ പറ്റി. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിഭാഗത്തില്‍ പെട്ടയാളാണ് ഇദ്ദേഹമെന്ന്. ഒന്നും പറയാതെ വീട്ടിലേക്ക് തിരിച്ചു വന്നു’.
കക്ഷി MSM ( Men sex with men ) വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്. അത്തരക്കാര്‍ക്ക് സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടാവില്ല. ഇക്കാര്യം സ്വന്തം വീട്ടുകാരോട് തുറന്നു പറഞ്ഞിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ജീവിതം ഈ വിധത്തില്‍ ആവില്ലായിരുന്നു. ഇപ്പോള്‍ ഈ സഹോദരി പറയുന്നു എനിക്ക് വിവാഹമേ വേണ്ട.
ഞാന്‍ വിവാഹം കഴിക്കാതെ ജീവിച്ചോളാമെന്നാണ്. ഇത് കൂടാതെ വിവാഹ ജീവിതം വേണ്ടെന്ന് വെച്ച സഹോദരിമാര്‍ നിരവധിയുണ്ട്. അവര്‍ക്ക് അവരുടേതായ വീക്ഷണവും അക്കാര്യത്തിലുണ്ട്.
വളരെ ചെറുപ്പം മുതലേ അറിയുന്ന കൗമാരക്കാരിയാണ് അവള്‍. പഠനം കഴിഞ്ഞിട്ടു മതി വിവാഹമെന്ന് ആദ്യം പറഞ്ഞു.
പഠനം കഴിഞ്ഞപ്പോള്‍ ഇനി ജോലി കിട്ടിയിട്ടാവാം വിവാഹമെന്ന് അവള്‍ നിര്‍ബ്ബന്ധം പിടിച്ചു. ഇപ്പോള്‍ ജോലി കിട്ടി.
പക്ഷെ ‘എനിക്ക് വിവാഹം വേണ്ടാ’ എന്ന ഉറച്ച നിലപാടാണ് അവള്‍ക്ക്.
സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് നല്ല താല്‍പര്യമുണ്ടവള്‍ക്ക്. ഇതാണ് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നത്.
‘വിവാഹം കഴിഞ്ഞവരൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മ കാണുമ്പോള്‍ വിവാഹിതയാവാന്‍ തോന്നുന്നേയില്ല.’
ഇതാണ് അവളുടെ നിലപാട്.
നാല്‍പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഒരു ഗുരുവന്ദനം പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടയായി. അവരെയെല്ലാം 9, 10 വയസ്സുപ്രായത്തിലാണ് ഞാന്‍ അവസാനമായി കണ്ടത്. ഇപ്പോള്‍ അവരൊക്കെ അമ്പത് പിന്നിട്ടവരായി. പ്രായം തോന്നിക്കുന്ന അവരുടെ കൂട്ടത്തില്‍ ചെറുപ്പക്കാരിയായ ഒരുവളെക്കണ്ടു. ‘നിനക്കൊരു മാറ്റവുമില്ലല്ലോ മോളെ’
ഞാന്‍ പറഞ്ഞപ്പോള്‍ അവളൊന്ന് ചിരിച്ചു. കൂട്ടത്തിലുള്ള ഒരാള്‍ വിളിച്ചു പറഞ്ഞു. ‘അവള്‍ ഞങ്ങളെ പോലെ കഷ്ടപ്പാട് അനുഭവിക്കുന്നില്ല. വിവാഹം വേണ്ടെന്ന് വെച്ചവളാണ്’.
‘അതെ സാര്‍ ഇതാണെനിക്കിഷ്ടം.’ അത് പറഞ്ഞപ്പോഴും അവളുടെ കണ്ണില്‍ വല്ലാത്തൊരു സന്തോഷം ഞാന്‍ കണ്ടു.
കടമയും കടപ്പാടും കൊണ്ട് കൂട്ടിപിഞ്ഞ ജീവിതത്തേക്കാള്‍ ഇന്ന് പലരുമാഗ്രഹിക്കുന്നത് സ്വതന്ത്രമായി ജീവിക്കാനാണ്.
അതിലൂടെ സ്വന്തം ജീവിതം, സ്വന്തമിഷ്ടപ്രകാരം ആസ്വദിക്കാനും.
