പയ്യന്നൂര്‍: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെറുപുഴ, പ്രാപ്പൊയിലില്‍ വ്യാപാരി പനങ്കുന്നില്‍ ശ്രീധരന്‍ (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഭാര്യ സുനിത (52)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ശ്രീധരന്‍ തൂങ്ങി മരിക്കുകയായിരുന്നു. പരിക്കേറ്റ സുനിത പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീധരന് ഭാര്യയെ സംശയമായിരുന്നുവെന്നു പറയുന്നു. ഇതിന്റെ പേരില്‍ ഇരുവരും നിരന്തരം വഴക്കില്‍ ഏര്‍പ്പെടാറുണ്ടത്രെ. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഭാര്യയോട് വഴക്ക് കൂടിയ ശ്രീധരന്‍ കത്തിയെടുത്ത് വെട്ടുകയായിരുന്നു. വെട്ടേറ്റ സുനിത വീട്ടില്‍ നിന്നു അയല്‍പക്കത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് അയല്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും ശ്രീധരനെ കാണാതായി. പരിശോധനയില്‍ ഇയാളെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കടയും വീടും ഒരേ കെട്ടിടത്തിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മക്കള്‍: ശ്രീരാജ്, അര്‍ജ്ജുന്‍.
