കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തി. ആ നടി എത്തിയത് ഓം പ്രകാശും സംഘവും തങ്ങിയ മുറിയിലാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. അതേസമയം അവരുടെ മുറിയിലേക്കാണ് നടി എത്തിയതെന്ന് സ്ഥിരീകരിച്ചാല്‍ നടിയെ ചോദ്യം ചെയ്യും.
ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാര്‍ട്ടിനേയും പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. പ്രയാഗയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായാണ് സൂചന. ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും പൊലീസിനോട് പറഞ്ഞത്. അത് പൊലീസ് വിശ്വസിച്ചിട്ടില്ല. ശ്രീനാഥ് ഭാസിയും ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. ബിനു ജോസഫുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ താരങ്ങളുടെ ലഹരിപരിശോധന ഉടന്‍ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
