കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 86 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി രണ്ടുപേര്‍ പിടിയിലായി. മുഗുറോഡ് കിളിങ്കാര്‍ സ്വദേശി കെ ഹരിപ്രസാദ്, ബാളിഗെ ബാഡൂര്‍ സ്വദേശി സത്യനാരായണ എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ച ഓട്ടോയും കടത്താന്‍ ശ്രമിച്ച മദ്യവും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ബന്തിയോട്ട് വച്ചാണ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെവി മുരളിയും സംഘം വാഹനം തടഞ്ഞ് മദ്യം പിടികൂടിയത്. കേസ് രേഖകളും തൊണ്ടിമുതലുകളും സാമ്പിള്‍ കുപ്പികളും കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസില്‍ എത്തിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി മഞ്ജുനാഥന്‍, സോനു സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗ്രേഡ്മാരായ വി പ്രശാന്ത്കുമാര്‍ സി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി സജീഷ് എന്നിവരും എക്‌സൈസിന്റെ സംഘത്തില്‍ ഉണ്ടായിരുന്നു.
