കാസര്‍കോട്: സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്നു ഇറങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ ബന്ധുവായ യുവാവിനെ വനത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. അഡൂര്‍, വെള്ളക്കാനയിലെ സുധാകരന്‍ എന്ന ചിതാനന്ദയെ കൊലപ്പെടുത്തിയ കേസില്‍ അഡൂര്‍, കാട്ടിക്കജെ, മാവിനടിയിലെ ഗണപ്പനായക്കിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. 2019 ഫെബ്രുവരി ഏഴിനു ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അഡൂര്‍ റിസര്‍വ്വ് ഫോറസ്റ്റിലെ വെള്ളക്കാന, ഐവര്‍കുഴിയില്‍ ചിതാനന്ദനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറാം തിയതി വൈകുന്നേരം ആറര മണിയോടെ ചിതാനന്ദനെ ഗണപ്പനായിക് കഴുത്തു ഞെരിച്ചും തലയില്‍ കല്ല് കൊണ്ട് ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. ചിതാനന്ദന്‍ പ്രതിയുടെ തോട്ടത്തില്‍ നിന്നു അടക്കമോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സംഭവ ദിവസം ഇരുവരെയും ഒന്നിച്ചു കണ്ടുവെന്ന സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. കൊല്ലപ്പെട്ട ചിതാനന്ദന്റെ രക്തം പുരണ്ട പ്രതിയുടെ തോര്‍ത്ത്, പ്രതിയുടെ ദേഹത്ത് കാണപ്പെട്ട പരിക്ക് എന്നിവ നിര്‍ണ്ണായക തെളിവുകളായി. ആദൂര്‍ സിഐമാരായിരുന്ന എം.എ മാത്യു, എ.വി ജോണ്‍ എന്നിവരാണ് ആദ്യം കേസ് അന്വേഷിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഇപ്പോഴത്തെ എസ്.എം.എസ് ഡിവൈ.എസ്.പി കെ. പ്രേംസദന്‍ ആണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ലോഹിതാക്ഷന്‍, അഡ്വ. ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.
ഗണപ്പനായിക് ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. പ്രസ്തുത കേസില്‍ ജയിലില്‍ നിന്നിറങ്ങി ഒന്നര കൊല്ലത്തിനു ശേഷമാണ് ചിതാനന്ദനെ കൊലപ്പെടുത്തിയത്.
