തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ ഇന്നത്തേയ്ക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിനു നിലവാരമില്ലെന്ന ഭരണപക്ഷ പരാമര്‍ശമാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. രൂക്ഷമായ ഭാഷയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അതേ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നല്‍കിയതോടെ സഭ ബഹളത്തില്‍ മുങ്ങി. വാക്കേറ്റം രൂക്ഷമായതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതും ഡയസില്‍ ബാനര്‍ കെട്ടിയതും സ്ഥിതി രൂക്ഷമാക്കി. വാച്ച് ആന്റ് വാര്‍ഡുമായി ഉന്തും തള്ളും ഉണ്ടാവുകയും പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേരയുടെ അടുത്തെത്തിയതും സ്ഥിതിഗതികള്‍ വഷളാക്കി. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാമത് സമ്മേളനം തിങ്കളാഴ്ച പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്.
സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിനു ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഈ രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനു സ്പീക്കര്‍ നല്‍കിയ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരായില്ല. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെയാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
അതേ സമയം പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസ് സര്‍ക്കാര്‍ അംഗീകരിച്ചു. അടിയന്തിര പ്രമേയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശമാണ് അടിയന്തിര പ്രമേയത്തിനു വിഷയമായത്. അതേ സമയം നിയമസഭയില്‍ ഉണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സഭാടീവിയില്‍ കാണിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തിര പ്രമേയ അവതരണത്തിനു സര്‍ക്കാര്‍ തയ്യാറായതാണ് പ്രതിപക്ഷത്തെ പ്രകോപിതരാക്കിയതെന്നു മന്ത്രി പി. രാജീവ് ആരോപിച്ചു.
