തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ക്കടവിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്‍പവും ആണ് അവാര്‍ഡ്. 1977 മുതല്‍ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് നല്‍കിവരുന്ന വയലാര്‍ അവാര്‍ഡില്‍ 48 ാമത്തെ പുരസ്‌കാര പ്രഖ്യാപനമാണിത്. മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തില്‍ പെടുന്നതാണ് കൃതി. മഹാപ്രളയത്തില്‍ തകര്‍ന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയുള്ളതാണ് കാട്ടൂര്‍ക്കടവ്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സാഹിത്യകാരന്‍ ബെന്ന്യാമിന്‍, പ്രൊഫ.കെ.എസ്.രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
മൂന്നൂറോളം ഗ്രന്ഥങ്ങളില്‍നിന്ന് ആറ് പുസ്തകങ്ങള്‍ അന്തിമ റൗണ്ടിലെത്തി. ഈ മാസം 27നു തിരുവനന്തപുരത്തു പുരസ്‌കാരം വിതരണം ചെയ്യും. 1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
