തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി. എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ശനിയാഴ്ചയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.പി.വി. അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോർട്ടിലുളളത്. എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി. ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.എഡിജിപി എം ആർ അജിത് കുമാർ രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദർശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം ആർ അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാർ സജീവമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.







