കാസര്‍കോട്: പത്രപ്രവര്‍ത്തക യൂനിയന്റെ ജില്ലാ ആസ്ഥാനമായ കാസര്‍കോട് പ്രസ് ക്ലബിന്റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബുകള്‍ക്ക് സമൂഹത്തില്‍ ചില പ്രധാന ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ഒത്തൊരുമയ്ക്കും കൂട്ടായ മുന്നേറ്റത്തിനും ക്ഷേമത്തിനും കരുത്താകുക എന്നതോടൊപ്പം, മാധ്യമ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലും പ്രസ് ക്ലബുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവര്‍ വിശിഷ്ടാതിഥികളായി. പ്രസ് ക്ലബ് ട്രഷറര്‍ ഷൈജു പിലാത്തറ സന്ദേശം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് പി രമേശന്‍, കേരള പത്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എംവി വിനീത, ജനറല്‍ സെക്രട്ടറി ആര്‍ കരണ്‍ ബാബു, മീഡിയ അക്കാദമി വൈസ് ചെയര്‍മാര്‍ ഇഎസ് സുഭാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള മഹായജ്ഞത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃക സൃഷ്ടിച്ച മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷീം സ്വാഗതവും സെക്രട്ടറി കെവി പത്മേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാധ്യമ സെമിനാര്‍ നടന്നു.
