കണ്ണൂര്‍: യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മയ്യില്‍ സ്വദേശി മാജിദ് പി.വി (36)യെയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇ. വൈഷ്ണവ് (23), കെ. ശ്രീരാഗ് (26), കെ.വി അബ്ദുല്‍ സമദ് (20), കെ. രജുല്‍ (32), പുതിയങ്ങാടിയിലെ കെ. ഷാഹിദ് (32) എന്നിവരെ പഴയങ്ങാടി എസ്.ഐ പി.യതുകൃഷ്ണയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ ബലമായി കാറില്‍ പിടിച്ചു കയറ്റിയ സംഘം പഴയങ്ങാടി, വാടിക്കല്‍ കടവ് പ്രദേശത്ത് എത്തിച്ചു. കാറില്‍ നിന്നു പുറത്തിറക്കി മര്‍ദ്ദിക്കുന്നതിനിടയില്‍ മാജിദ് ഓടി രക്ഷപ്പെട്ട് സ്ഥലത്തെ ഒരു വീട്ടില്‍ അഭയം തേടി. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ അക്രമികളെ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് മാജിദ് ഗള്‍ഫില്‍ നിന്നും എത്തിയത്. വരുമ്പോള്‍ സ്വര്‍ണ്ണം കൊണ്ടുവന്നതായി സുഹൃത്തായ വൈഷ്ണവിനോട് പറഞ്ഞിരുന്നുവെന്നും അത് തട്ടിയെടുക്കാനാണ് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതെന്നാണ് മാജിദ് പറയുന്നത്.
എന്നാല്‍ അറസ്റ്റിലായ സംഘം ഇതു നിഷേധിച്ചു. പ്രതികളില്‍ ഒരാളുടെ ബന്ധുവിനു മയക്കുമരുന്നു നല്‍കിയതിനെ കുറിച്ച് ചോദ്യം ചെയ്യാനാണ് തട്ടിക്കൊണ്ടു പോയതെന്നാണ് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞത്.
