ബംഗളൂരു: രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നതായി ബെള്ളാരി ജയിലില്‍ വിചാരണത്തടവിലുള്ള കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപ. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ നടന്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണുള്ളത്. ഭയം കാരണം തനിക്ക് ഉറങ്ങാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്ന ആവശ്യം ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുന്‍പാകെ നടന്‍ ഉന്നയിച്ചു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിരിക്കെ വിഐപി പരിഗണന ലഭിച്ച സംഭവം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 29ന് ദര്‍ശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയിരുന്നു. ദര്‍ശനും മറ്റു 3 ഗുണ്ടാനേതാക്കളും ജയില്‍വളപ്പില്‍ കസേരയിട്ടിരുന്നു സിഗരറ്റും വലിച്ച് കാപ്പിക്കപ്പുമേന്തി ചര്‍ച്ച നടത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണിത്. ജൂണ്‍ 8ന് ചിത്രദുര്‍ഗ സ്വദേശിയും നടന്റെ ആരാധകനും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിനജല കനാലില്‍ തള്ളിയെന്ന കേസാണ് ദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നത്. ദര്‍ശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മരിക്കുന്നതിനു മുന്‍പ് രേണുകസ്വാമിക്ക് ക്രൂരമര്‍ദനമേറ്റിരുന്നുവെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകള്‍ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. രണ്ടാംപ്രതിയാണ് നടന്‍.