സലാല: തലശേരി സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തലശ്ശേരി, ചിരക്കര സ്വദേശി പരേതനായ പുത്തന്‍ പുരക്കല്‍ ഉമ്മര്‍ മകന്‍ കാടന്‍ കണ്ടി മുഹമ്മദ് അജ്മല്‍ (26) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. സലാല ഹസന്‍ ബിന്‍ താബിത് റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന അജ്മല്‍ ബുധനാഴ്ച ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോള്‍ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്. മാതാവ്: ഷമീറ കാടന്‍ കണ്ടി.
സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സലാല കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
