കാസര്‍കോട്: അന്താരാഷ്ട്ര വിപണിയില്‍ 3 കോടി രൂപ വിലമതിക്കുന്ന 3.31 കിലോ ഹൈഡ്രോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ് (44), കോഴിക്കോട്, എടപ്പാളിലെ യഹ്‌യ സി.എച്ച് (28), കര്‍ണ്ണാടക കുടക് സ്വദേശികളായ എം.യു. നസറുദ്ദീന്‍ (26), കുഞ്ചിലയിലെ അഹ്്‌നാസ് (26), ബെട്ടോളിയിലെ വാജിദ് (26) എന്നിവരെയാണ് കുടക് എസ്.പി കെ. രാമരാജയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തായ്‌ലാന്റ് ബാങ്കോക്കില്‍ നിന്നു വിമാനമാര്‍ഗം ബംഗ്‌ളൂരു വിമാനത്താവളത്തില്‍ എത്തിച്ച ഹൈഡ്രോ കഞ്ചാവ് ഗോണികുപ്പയിലെത്തിച്ചതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോണികുപ്പയിലെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കടത്തിനു ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്നു റാക്കറ്റുമായി ബന്ധപ്പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നാണ് സൂചന.
അറസ്റ്റിലായ കാസര്‍കോട് സ്വദേശികളെ കുറിച്ച് കേരള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







