ന്യൂഡല്‍ഹി:ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായും ആചരിക്കുന്നു. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീര്‍ത്ത് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി. ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും രാജ്ഘട്ടില്‍ ഗാന്ധിജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും സര്‍ക്കാരുകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലെ ഗാന്ധി പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തും.
രാജ്യത്തുടനീളം പ്രാര്‍ത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. ശുചിത്വ – ലഹരി വിരുദ്ധ പരിപാടികളോടെയാണ് സംസ്ഥാനങ്ങളില്‍ ഗാന്ധി ജയന്തി കൊണ്ടാടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് മിഷന്റെ 10 വര്‍ഷം തികയുന്ന ഇന്ന് 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
ഗാന്ധിജയന്തിയുടെ ഭാഗമായി കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ രാവിലെ ഹാരാര്‍പ്പണം നടത്തി.