ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന 19 കാരന്‍ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കുന്തപുര നാഗൂരില്‍ താമസക്കാരനും കോട്ടേശ്വരയിലെ കലവറ വരദരാജ ഷെട്ടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജില്‍ ബിഎസ്സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ധനുഷ് ആണ് മരിച്ചത്. കോട്ടേശ്വര-ഹാലാഡി റോഡില്‍ കക്കേരിയില്‍ ആണ് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോളേജ് പഠനം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ധനുഷ്. കോട്ടേശ്വര-ഹാലാഡി റോഡിലെ ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അമിതവേഗതയില്‍ റോഡിലൂടെ വന്ന ട്രക്ക് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുന്താപുരം ട്രാഫിക് പൊലീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. അമിതവേഗതയിലും അശ്രദ്ധയിലും വാഹനം ഓടിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.