ബെയ്‌റൂട്ട്: വ്യോമാക്രമണത്തിനു പിന്നാലെ ലെബനനില്‍ ഇസ്രായേല്‍ കരയാക്രമണം ആരംഭിച്ചു. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് കരയുദ്ധമെന്ന് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി.
കരയുദ്ധത്തിനു തയ്യാറാണെന്നു ഹിസ്ബുല്ലയും നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തെക്കന്‍ തുറമുഖ നഗരമായ ടയറിലെ അല്‍-ബസ് അഭയാര്‍ത്ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ ഹമാസ് കമാന്റര്‍ ഫത്ത ഷരീഫ് കൊല്ലപ്പെട്ടിരുന്നു. പാലസ്തീനു പുറത്തുള്ള കമാന്റിലെ അംഗമായിരുന്ന ഷെരീഫ് ലെബനന്‍ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നു. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ വധിച്ച ആക്രമണങ്ങള്‍ക്കു ശേഷമാണ് ഇസ്രായേല്‍ സെന്‍ട്രല്‍ ബെയ്‌റൂട്ടിനെ ലക്ഷ്യം വച്ചത്.
ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ടാഴ്ചയ്ക്കകം 1000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. പത്തുലക്ഷം പേര്‍ പലായനം ചെയ്തു.