ബെയ്‌റൂട്ട്: ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിനു ചോര്‍ത്തിക്കൊടുക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ട്. ഇറാന്‍ പൗരനായ ചാരനാണ് ഒളിത്താവളത്തെക്കുറിച്ച് ഇസ്രായേലിനു വിവരം നല്‍കിയതെന്നു ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയന്‍’ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. ബങ്കറില്‍ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമായി നസ്‌റുല്ല കൂടിക്കാഴ്ച നടത്തുന്ന സമയത്തായിരുന്നു ഇസ്രായേല്‍ അതിശക്തമായ വ്യോമാക്രമണം നടത്തിയത്. സെപ്തംബര്‍ 27ന് വൈകുന്നേരം മിനിറ്റുകള്‍ക്കുള്ളില്‍ 8 ബോംബുകളാണ് ഹിസ്ബുല്ല ആസ്ഥാനത്തിനു മുകളില്‍ വര്‍ഷിച്ചത്. ആറുമീറ്റര്‍ വരെ കോണ്‍ക്രീറ്റ് ഭേദിക്കാനും ഭൂമിയില്‍ 30 മീറ്റര്‍ ആഴത്തില്‍ വരെയെത്തി ഉഗ്രസ്‌ഫോടനം ഉണ്ടാക്കാനും ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപകനാശം ഉണ്ടാക്കുന്ന ഇവ ജനവാസമേഖലയില്‍ ഉപയോഗിക്കുന്നത് ജനീവ കണ്‍വെന്‍ഷന്‍ വിലക്കിയിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.